Tuesday, 30 August 2011

ഓര്‍മ്മകളിലെ ഓണം



ഓണം...മലയാളികള് (പ്രത്യേകിച്ച് പ്രവാസികള്‍ ആയ മലയാളികള് ) എല്ലാവരും ഓര്‍മ്മകളിലൂടെ ഒരു നിമിഷത്തേക്കെങ്കിലും  നാട്ടിലേക്ക്  തിരികെപോകനാഗ്രഹിക്കുന്ന ദിവസം. എന്നോ നഷ്ടപ്പെട്ടു പോയി എന്നു നാം കരുതുന്ന ഒരു നല്ല കാലം. അതിന്റെ ഓര്‍മകള്. എല്ലാം വെറും കഥ മാത്രമായിരിക്കാം. ഇന്നാലും ഓണം എന്നു ഓര്‍ക്കുമ്പോള് തന്നെ ഒരു സന്തോഷം. സത്യമായിട്ടും അതു വാക്കുകള്‍ കൊണ്ടു പറഞ്ഞറിയിക്കാന്‍ വയ്യ. അനുഭവിച്ചറിയുകതന്നെ വേണം. അതു അറിയണമെകില് കിഴക്ക് സഹ്യസാനുക്കളും പടിഞ്ഞാറ് അറബിക്കടലും അതിരിട്ട ആ മലയാള നാട്ടില് ജനിക്കണം. അവിടുത്തെ കാറ്റേറ്റ് വളരണം.. അതിനു ഭാഗ്യം കിട്ടാത്ത, എന്നാല് മലയാളികളായ ഒരുപാടു പേരെ, പ്രത്യേകിച്ച് ചെറുപ്രായക്കാരായ ഒരുപാടു പേരെ ഈ പ്രവാസ ജീവിതത്തില് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെയുള്ളവരെ തിരിച്ചറിയാന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട. അവരുടെ മുന്‍പില് വച്ചു ഇത്തിരി നാട്ടുവിശേഷം പറയുക. എന്നിട്ടു ചുറ്റും നില്‍ക്കുന്നവരുടെ കണ്ണിലേക്കു നോക്കുക. എവിടെയേല്ലാം ഒരു തിളക്കമോ അല്ലെങ്കില് കണ്ണിന്റെ കോണില് ഒരു നനവോ കണ്ടാല് ഉറപ്പിക്കാം...ആശാന് നാട്ടില് കിടന്നു നന്നായി പയറ്റിത്തെളിഞ്ഞിട്ടാണ് (അല്ലെങ്കില് പയറ്റി പൊളിഞ്ഞു പാളീസായിട്ടാണ്) അറബിക്കടലും ചാടിക്കടന്നു ഇങ്ങോട്ട് പോന്നത്. ഇനി ഒരു ഭാവാവ്യത്യാസവും ഇല്ലാതെ, ഇവന് എന്തു കോപ്പെന്നാണ് ഈ പറയുന്നത് എന്ന ഭാവത്തില് നില്‍ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില് ഉറപ്പിച്ചോ; ആണായാലും പെണ്ണായാലും പേരില് മാത്രം മലയാളിയായിട്ടുള്ള ജന്മങ്ങള് ആണ് അതൊക്കെ. അവരോട് ഓണം, ഓര്‍മ്മ എന്നൊക്കെ പറഞ്ഞു വെറുതെ സമയം പഴാക്കേണ്ട. വിട്ടേക്കുക.

ഇനി നാട്ടില്‍ തന്നെ ജനിച്ചു വളര്‍ന്നു എന്നത് മാത്രം പോര. അത്യാവശ്യം കുറച്ചു തരികിടകള്‍ കൂടെ കാണിച്ചു വളരണം. അതിനൊക്കെ കൂട്ടിനു തരപ്പടിക്കാരായ കുറെ എണ്ണവും കൂടെ വേണം.എങ്കിലേ വല്ല നാട്ടിലും ചെന്ന് കിടക്കുമ്പോള്‍ ഓര്‍ക്കാന്‍ എന്തെങ്കിലും കാണൂ. നാട്ടിലേക്കു വല്ലപ്പോഴും ഒക്കെ ഒന്ന് പോകണം എന്ന തോന്നലും ഉണ്ടാകൂ. പലരും ഉണ്ട്..സ്വന്തം നാട്ടില്‍ സുഹൃത്തുക്കള്‍ ഇല്ലാത്തവര്‍. വീട്ടില്‍ ചെന്നാല്‍ മുറിയില്‍ തന്നെ ഇരിക്കും. ചോദിച്ചാല്‍ ഇവിടെ നമുക്ക് പറ്റിയ ആരും ഇല്ല എന്നൊക്കെ പറയും. കൂടുകാര്‍ ഇല്ലാത്തതിന് ഓരോ ന്യായം. എന്‍റെ ഒരു കണക്കു വച്ച് മൂന്നു സുഹൃത്തുക്കളില്‍ ഒരാളെങ്കിലും സ്വന്തം നാട്ടുകാരന്‍ എന്നതാവണം ഒരു കണക്ക്.

ഇന്നും വൈകിട്ട് ഏഴു മണി കഴിഞ്ഞാല്‍ വീടിനു വെളിയില്‍ ഇറങ്ങാത്ത പാര്‍ട്ടികള്‍ ഉണ്ടത്രേ. ഈ കാര്യത്തില്‍ എനിക്ക് എന്നോട് തന്നെ ഇതിരി ബഹുമാനം ഇല്ലാതില്ല. അത്യാവശ്യം പ്രായപൂര്‍ത്തി ആയപ്പോള്‍ നമ്മള്‍ കൂട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് തുടങ്ങിയ, രാത്രി 7 മണിക്ക് ശേഷം മാത്രം തുറക്കുന്ന യൂണിയന്‍ ക്ലബ്- ലേക്ക് ടോര്‍ച്ചോ മെഴുകുതിരിയോ ഇല്ലാതെ നടന്നു പോകുന്നതും പിന്നെ രാത്രി 10 മണിക്ക് ക്ലബ് അടച്ചു ആകാശത്ത് നോക്കി തിരിച്ചു നടക്കുന്നതും. റബ്ബര്‍ തോട്ടങ്ങള്‍ക്കിടയിലൂടെ ഉള്ള റോഡില്‍ നടക്കുമ്പോള്‍ കയ്യില്‍ വെളിച്ചം ഒന്നും ഇല്ലെങ്കില്‍ അടുത്ത മാര്‍ഗം മേളിലോട്ട് നോക്കി നടക്കുക എന്നതായിരുന്നു. റോഡിനിരുവശത്തും നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ആകാശം കാണാവുന്ന ഒരു വിടവ് കാണും. അത് ലൈന്‍ പിടിച്ചു നടന്നാല്‍ ഓട്ടോമാടിക് ആയി നമ്മള്‍ നടക്കുക റോഡിന്‍റെ ഒത്ത നടുവിലൂടെ ആകും. നടക്കുമ്പോള്‍ അമര്‍ത്തി ചവിട്ടി നടക്കണം അത്രേ. അല്ലാതെ പമ്മി പതുങ്ങി നടന്നാല്‍ നമ്മുടെ കാലക്കേടിന് രാത്രിയല്ലേ..ഇത്തിരി കാറ്റും തണുപ്പും കൊണ്ടുകളയാം എന്ന് വിചാരിച്ചു ചിലപ്പോള്‍ റോഡില്‍ കയറിക്കിടക്കുന്ന കോബ്ര പയ്യന്‍സ് ചെറിയ പണി തന്നു വിടും. നവംബര്‍ മാസം കഴിഞ്ഞാല്‍ എവിടെയോ പൂത്തു നില്‍ക്കുന്ന പാലപ്പൂവിന്റെ ഗന്ധം കൂടെ ഉണ്ടാവും കൂട്ടിനു. അങ്ങനെ ആയിരക്കണക്കിനു മിന്നാമിനുങ്ങുകളും പിന്നെ എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങളും പിന്നെ ചിലപ്പോള്‍ പകല്‍ പോലെ നിലാവും നിറഞ്ഞ ആ ആകാശക്കാഴ്ചകള്‍. മനസ്സില്‍ നിന്നും പോകില്ലല്ലോ അതൊന്നും ഒരിക്കലും. ഇന്നും നാട്ടില്‍ പോയാല്‍ ചിലപ്പോഴൊക്കെ നടന്നു പോകാറുണ്ട് ആ വഴിക്ക്. ബാക്കി എല്ലാം അതുപോലെ തന്നെ ഉണ്ട് എങ്കിലും മിന്നാമിനുങ്ങുകള്‍ പണ്ടത്തെ പോലെ ഇല്ല. എവിടെ പോയി ആവൊ എല്ലാം.

സ്വന്തം നാട്ട്ലുള്ള സുഹൃത്തുക്കള്‍ ഒരു വലിയ അനുഗ്രഹം ആണ്. പൊതുവേ നാട്ടുകാരായ സുഹൃത്തുക്കളുടെ ഒരു വലിയ ഗുണം അവര്‍ മിക്കവാറും നമ്മുടെ അതെ പശ്ചാത്തലത്തില്‍ നിന്നുള്ളവരായിരിക്കും എന്നതാണ്. തരത്തില്‍ പെടാത്തവരുടെ കൂടെ നാട്ടില്‍ നടക്കാന്‍ പറ്റില്ലല്ലോ. നിക്കറും ഇട്ടു റബര്‍ പന്തും കളിച്ചു സൈക്കിളും ഉന്തി നടന്ന കാലം മുതല്‍ നമ്മളെ നമ്മളായി അറിയുന്നവര്‍. അതുകൊണ്ടുതന്നെ നമുക്ക് അവരെയും അവര്‍ക്ക് നമ്മളെയും മനസിലാക്കാന്‍ വലിയ പ്രയാസമുണ്ടാകില്ല. നാട്ടില്‍ എത്തിയാല്‍ നല്ല പ്രവാസികള്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഒരു പ്രധാന ഐറ്റം എല്ലാവരുടെയും കൂടെ ഒരു 'കമ്പനി' കൂടുക എന്നതല്ലേ? ഇവരൊന്നുമില്ലാതെ നമുക്കെന്ത് ആഘോഷം?

ഇനി മക്കളെ ഒക്കെ അയല്‍വക്കത്തെ മുന്‍പറഞ്ഞ ജാതി അലമ്പന്മാരുമായി "കൂട്ടുകൂടി നശിക്കാന്‍" സമ്മതിക്കാതെ, വീടിനു പുറത്തു വിടാതെ പക്കാ പഠിപ്പിസ്റ്റുകള്‍ ആക്കി മാറ്റി അവരുടെ ഫോട്ടോ പത്രത്തില്‍ റാങ്കു ജേതാക്കളുടെ കൂടെ വരുന്നത് സ്വപ്നം കണ്ടു നടക്കുന്ന അച്ഛന്‍അമ്മമാരുണ്ട്. ഈ പൊത്തിപ്പിടിച്ചു വളര്‍ത്തിയ മക്കള്‍ പറക്കമുറ്റുംപോള്‍ പോയ വഴി പോകും. പിന്നെ അപ്പനും വേണ്ട അമ്മയും വേണ്ട ..സ്വന്തം നാടാണെങ്കില്‍ വേണ്ടേ വേണ്ട. അവനു ഓര്‍ക്കാന്‍ ഒന്നുമില്ല അവിടെ. ആ സമയത്തെല്ലാം പുസ്തകത്തില്‍ ആയിരുന്നല്ലോ. ഇനി വല്ലപ്പോഴും ഒന്ന് വീട്ടില്‍ വന്നാല്‍ തന്നെ മുറിക്കകത്ത് കുത്തിപ്പിടിചിരിക്കും. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ "ബോറടിക്കുന്നു" എന്ന് പറഞ്ഞു തിരിച്ചു പോകും. പിന്നെ പിന്നെ വരവും കുറയും. അതുകൊണ്ട് വയസുകാലത്ത് മക്കളെ ഒക്കെ അടുത്ത് കാണണം എന്ന തോന്നലുള്ള അപ്പനമ്മമാര്‍ ഇപ്പഴേ വേണ്ടത് ചെയ്തോണം. അല്ലെങ്കില്‍ പിന്നെ കരച്ചിലും പല്ലുകടിയും നെഞ്ചത്തടിയും മെഴുകുതിരി കത്തിക്കലും ആയി നടക്കേണ്ടി വരും. കണ്ണീര്‍ കുറെ ഒഴുകും, തിരി കുറെ കത്തി തീരും എന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവും അന്ന് കിട്ടുകേല.

ഈ മലയാളി ലോകത്ത് എവിടെ പോയാലും മറക്കാതെ കൂടെ കൊണ്ടുപോകുന്ന രണ്ടു കാര്യങ്ങള് ഏതാണു? -ചോദ്യത്തിനു കടപ്പാട് സുഹൃത്ത് അരുണ്‍)) - - - ഒന്ന് ദാസേട്ടന്‍ പാടിയ മലയാളം പാട്ടുകള്. രണ്ടാമത്തേത്? വേറൊന്നുമല്ല നമ്മുടെ ഓണം തന്നെ. മലയാളി എവിടെ ഉണ്ടോ അവിടെ ഓണവും ഉണ്ട്. ഓണം എന്ന് കേള്‍ക്കുമ്പോള്‍ നാട്ടിലില്ലാത്ത മലയാളിക്കാണ് ആവേശം കൂടുതല്‍. എനിക്ക് തോന്നുന്നത് കേരളം വിട്ടുപോകുമ്പോള്‍ ആണ് മലയാളി ശരിക്കും മലയാളി ആകുന്നത്‌ എന്നാണ്. നാട്ടില്‍ നില്‍ക്കുമ്പോള്‍ എല്ലാത്തിനോടും പുച്ഛം. നാടുവിട്ടാല്‍ നാഴികക്ക് നാല്‍പ്പതുവട്ടം നാട്ടുകാര്യം. എന്താണ് മനസിലിരുപ്പ് എന്ന് ഒരു തരത്തിലും പ്രവചിക്കാന്‍ പറ്റാത്ത സാധനമാണ് മലയാളി. ചിലപ്പോള്‍ ഈ X-men എന്നൊക്കെ പറയുന്നത് മലയാളികളെ കൂടെ കണ്ടിട്ടായിരിക്കും അല്ലെ?

എന്തായാലും എന്റെ പ്രയത്തിലുള്ള ഒരാള്‍ക്ക് ഓര്‍മകളിലെ ഓണം എന്നു പറയുന്നതും ഇപ്പോള് കാണുന്ന ഓണവും തമ്മില് വലിയ വ്യത്യാസം ഒന്നും തോന്നാന് വഴിയില്ല. ഒരുപക്ഷേ ഈ നസ്രാണികള്‍ കൂടുതല് ഉള്ള മീനച്ചില് താലൂക്കില് പെട്ട എന്റെ ഗ്രാമത്തില് അങ്ങനെ ഓര്‍ത്തുവക്കാന് മാത്രം ഉള്ള, നമ്മുടെ ആ സങ്കല്‍പ്പത്തിലെ മാതൃകാ ഓണക്കാലം പോലെ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണു സത്യം. ഇന്നാലും ഓര്‍മകളുണ്ട് എനിക്കും. ഇന്നും ഓര്‍ക്കാന്; ഓര്‍ക്കുമ്പോള് കണ്ണ് നിറയാന്. കാരണം അന്ന് ഓണപായസതിന്റെ കൂടെ അതിലേറെ മധുരമുള്ള സ്നേഹം കൂടി വിളമ്പിതന്നവര്; അവരില് പലരും നക്ഷത്രങ്ങളുടെ ലോകത്തേക്ക് പോയതും ഓര്‍മകള് ബാക്കി വച്ചു തന്നെയാണ്.

എന്‍റെ ഓണത്തെക്കുറിച്ചുള്ള ഓര്‍മകളെല്ലാം അവസാനം എത്തിച്ചേരുന്ന ഒരു ഇടം ഉണ്ട്. വലിയച്ഛന്റെ വീട്. എന്നുവച്ചാല് എന്റെ വീടിനടുത്തുള്ള നായര് തറവാട്. അവിടുത്തെ കാരണവരേ ഞാന് ഓര്‍മചവച്ച കാലം മുതല്‍ക്കേ അങ്ങനെയാണ് വിളിച്ചിരുന്നത്. അത് വെറുതെ അങ്ങനെ വിളിക്കുന്നതായിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം എന്‍റെ മനസ്സില്‍.അങ്ങനെ മാത്രമേ അദേഹത്തെ വിളിക്കാവൂ എന്നാണ് എന്നെ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ എന്നോട് പറഞ്ഞുതന്നിരുന്നതും.  ഗ്രാമങ്ങളില്‍ എപ്പഴും അടുത്ത് താമസിക്കുന്നവര്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നില്ലേ പണ്ടൊക്കെ? വീട്ടില്‍ ഒരു വാഴക്കുല പഴുത്താല്‍, അല്ലെങ്കില്‍ എന്തെങ്കിലും പ്രത്യേകിച്ച് ഉണ്ടാക്കിയാല്‍ അതില്‍ ഒരു ഭാഗം ഏറ്റവും അടുത്ത അയല്‍വക്കത്ത്‌ കൂടെ കൊടുക്കുന്ന പതിവ് വളരെ സാധാരണമായിരുന്നു. ഒരു പരസ്പര സഹായ സഹകരണം ഇല്ലാതെ അന്ന് ജീവിക്കാനും പറ്റില്ലായിരുന്നു. ഇന്ന് അങ്ങനെ ഒരു ആവശ്യവുമില്ല എന്ന് മാത്രമല്ല മറ്റൊരാളുടെ കാര്യത്തില്‍ തലയിടാതെ അവനവന്റെ കാര്യം നോക്കി നടക്കുക എന്നതായി എല്ലാവരുടെയും പോളിസി. അടുത്ത വീട്ടില്‍ ആരാണ് താമസിക്കുന്നത് എന്ന് ആര്‍ക്കുമറിയാത്ത അവസ്ഥ ആണ് ഇന്ന് ഗ്രാമങ്ങളില്‍ പോലും.

മിക്കവാറും ദിവസങ്ങളില്‍ വലിയച്ചന് വീട്ടില് വരും. കഥയൊക്കെ പറഞ്ഞിരിക്കാന്. നല്ല രസമാണ് അദ്ദേഹത്തിന്റെ സംസാര രീതി. കേട്ടിരുന്നുപോകും. എന്ത് വിഷയമാണ്‌ എങ്കിലും മുഖഭാവങ്ങളും അംഗവിക്ഷേപങ്ങളും ചേര്‍ത്തുള്ള സരസമായ സംസാരം. അതില്‍ സൂര്യന് താഴെ ഭൂമിക്കു മുകളില്‍ ഉള്ള എല്ലാ കാര്യങ്ങളും വരും. അന്നൊക്കെ വലിയച്ചന്‍ പറയുന്നത് നമ്മുടെ ചെറിയ ബുദ്ധിയില്‍ മനസിലാകുന്ന കാര്യങ്ങളെ അല്ല. എങ്കിലും അവിടെ അടുത്തുപോയി ഇരിക്കുകയും അതൊക്കെ കേള്‍ക്കുകയും മനസിലാക്കാന്‍ ശ്രമിക്കുകയും (അല്ലെങ്കില്‍ ഓര്‍ത്തുവെച്ചു പിന്നീട് ആലോചിച്ചു കണ്ടു പിടിക്കുകയും) ചെയ്യുക എന്നതായിരുന്നു നമ്മുടെ രീതി.

അങ്ങനെ ദിവസങ്ങള്‍ പോകുന്നതിനു ഇടയ്ക്കു തിരുവോണം, വിഷു ഇവയൊക്കെ കടന്നുവരും. ഓണത്തിന് തലേദിവസം വലിയച്ചന്‍ വന്നാല്‍ കഥയൊക്കെ പറഞ്ഞു പോകാന്‍ നേരത്ത് ഒരു ഡയലോഗ് കൂടെ ഉണ്ട്. നമ്മള് നോക്കിയിരിക്കുന്ന അതുതന്നെ. " നാളെ അടുക്കളയില് കയറെണ്ട കേട്ടോ?" അമ്മയോടാണ് പറയുന്നത്. എന്നുവച്ചാല് നാളത്തേക്കുള്ള  ആഹാരം അവിടെനിന്നു കൊണ്ടുവരും. പോരേ പൂരം.

അതിനും കുറേകൂടെ മുന്‍പ്..ഓണസദ്യ വലിയച്ഛന്റെ വീട്ടില് പോയി ഉന്നുന്ന ഒരു പതിവുണ്ടായിരുന്നു. എന്റെ ഇച്ചാച്ചന്റെ (വല്യപ്പന്‍ ) കൂടെ പുതിയ ഒരു കള്ളിമുണ്ട് ഉടുത്തു (ഓണക്കോടി !) സമയത്ത് തന്നെ അവിടെ എത്തും. പിന്നെ നിലത്ത് ചമ്രം പടിഞ്ഞിരുന്നു ഊണ്. വല്യച്ചന്‍ തന്നെ വിളമ്പി തരും. പിന്നീടേപ്പോഴോ അതു മാറി സദ്യ അപ്പാടെ വീട്ടിലേക്ക് കൊണ്ടുവരുന്ന പതിവു തുടങ്ങി.

ഈ നസ്രാണികളുടെ ഒരു രീതിവച്ചു എവിടെ എന്തെങ്കിലും പരിപാടി ഉണ്ടെങ്കില്‍ സദ്യക്ക് കടിച്ചു വലിക്കാനുള്ള ഐറ്റംസ് ആണല്ലോ കൂടുതല്‍. മത്സ്യമാംസാദികള്‍ ഇല്ലാത്ത സദ്യ വല്ലതും വല്ല കല്യാണത്തിനും കൊടുത്താല്‍ അതിന്‍റെ പേരില്‍ കുടുംബത്തിനു പേരുദോഷവും പിന്നെ ചിലപ്പോള്‍ അടിയും വെട്ടും കുത്തും വരെയും നടക്കുന്ന സ്ഥലം. അതിനിടക്ക് വര്‍ഷത്തില് ശുദ്ധ സസ്യാഹാരം മാത്രമുള്ള സദ്യയും പിന്നെ നല്ല പായസവും കുടിക്കുന്നത് ഇങ്ങനെ ആകെ രണ്ടു തവണ ആയിരുന്നു അന്ന്. ഓണം പിന്നെ വിഷു. രണ്ടും വലിയച്ഛന്റെ വീട്ടില് നിന്നും കൊണ്ടുവരുന്നത് തന്നെ. എല്ലാ വിഭവങ്ങളും അവ എങ്ങനെ ഒക്കെ ആണ് കഴിച്ചിരുന്നതെന്നും എനിക്ക് ഇപ്പോഴും ഓര്‍മായുണ്ട്.. ആദ്യം ഇലയില്‍ ഇത്തിരി വെള്ളം ഒഴിച്ചു ഒന്നു വൃത്തിയാക്കണം. അപ്പോഴേക്കും കറികള്‍ ഓരോന്നായി വരും. അച്ചാര്, ഇഞ്ചിക്കറി, ഉപ്പേരി, ശര്‍ക്കര വരട്ടി, പരിപ്പ്, നെയ്യ്‌, പപ്പടം, അവിയല്, തോരന്, പച്ചടി, കിച്ചടി, ഓലന്, തക്കാളിക്കാ വരുത്തരച്ച കറി (എനിക്ക് ഏറ്റവും ഇഷ്ടം). പിന്നെ ചുവന്ന ചോറ് (നാടന് കുത്തരി! അന്ന് വിചാരം വലിയച്ചന് എന്തോ കളറു ചേര്‍ക്കുന്നതാണു എന്നായിരുന്നു!)

വലിയച്ചന്‍ തന്നെ പറഞ്ഞുതരും എങ്ങനെ സദ്യ ഉണ്ണണം എന്ന്.  ആദ്യം പരിപ്പ്. അതില് പപ്പടം പൊടിച്ചു നെയ്യും ചേര്‍ത്തു തുടങ്ങണം. പിന്നെ സാമ്പാര്.. കാളന് ..പിന്നെ പായസം പഴം, പപ്പടം ചേര്‍ത്തു...അവസാനം മോരു കുടിച്ചു അവസാനിപ്പിക്കാം.

ഇന്നും എവിടെയെങ്കിലും വച്ചു ഓണസദ്യയുടെ മുന്‍പില് ഇരിക്കുമ്പോള് എനിക്ക് ഓര്‍മ്മ വരും. എനിക്ക് ആദ്യമായി സദ്യ ഉണ്ടാക്കി വിളമ്പി തന്ന വലിയച്ഛനെ. അവസാനം ആയി ഒന്ന് കാണാനും കൂടെ പറ്റിയില്ല എന്ന സങ്കടം ഇപ്പോഴും ഉണ്ട്. എല്ലാവര്‍ഷവും പതിവുള്ളതുപോലെ, മുംബൈയില്‍ മക്കളുടെ അടുത്തേക്ക് പോയ വല്യച്ചന്‍ പിന്നെ തിരികെ വന്നത് ചുവന്ന പട്ട് തുണി കെട്ടിയ മണ്ണ്‌ കുടത്തില്‍ ഒരു പിടി ചാരം ആയിട്ടാണ്. പറ്റിച്ചു കളഞ്ഞു വല്യച്ചന്‍. യാത്ര പറഞ്ഞു പോയത് തിരികെ വരാനല്ലായിരുന്നു എന്ന് ഞാന്‍ എങ്ങനെ അറിയാന്‍.

മനസ്സില്‍ ഇപ്പോഴും ഉണ്ട്‌. പായസവും പന്തുകളിയുമായി വളരെ സന്തോഷത്തോടെ ചിലവിട്ട ഓണക്കാലത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പം..ഇനി ഒരിക്കലും ആര്‍ക്കും മായിക്കാനാകാതെ, അതേ തിളക്കത്തോടെ ആ മുഖവും.

Monday, 6 June 2011

നൂറു പുലി !!


ചാക്കൊച്ചാ ..എന്നാ ഒണ്ട്?
ആ.. എടാ വര്‍ക്കിയെ നീ എവടാരുന്നെടാ? കൊറേ ദിവസം ആയല്ലോ നിന്നെ കണ്ടിട്ട്.

ഏലത്തിനു മരുന്നടിക്കുവാരുന്നു. അവടെ പോയി നിന്നില്ലേ എല്ലാവനും കൂടെ നമ്മളെ ഒലത്തി തരും.
ആഹാ. എന്നിട്ട് അടിച്ചു തീര്‍ന്നോ? 

പിന്നില്ലാതെ ..തീര്‍ത്തു വരുന്ന വഴിയാ. ഒയ്യോ ..അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്‌ . എന്‍റെ പൊന്നു ചാക്കൊച്ചാ, ഹോ ഹോ ഹോ ..ഒന്ന് കാണണ്ട കാഴ്ചയായിരുന്നു.
എന്നതാടാ വര്‍ക്കിയെ ..

കഴിഞ്ഞ ആഴ്ച ഞാന്‍ ഉദുമല്‍പെട്ടക്ക് പോയിട്ട് തിരിച്ചു വരുവായിരുന്നു. മറയൂര്‍ കഴിഞ്ഞു ഒരു നാലഞ്ചു മൈല്‍ കൂടെ പോന്നു കാണും. നല്ല മഞ്ഞു കാരണം മഞ്ഞ ലൈറ്റ് കൂടെ ഇട്ടാ ചവിട്ടിപിടിച്ചു ഇറങ്ങിപോന്നത് . രാത്രി നട്ടപ്പാതിരാ എങ്കിലും ആയിട്ടുണ്ട്. എന്‍റെ പൊന്നെ അന്നേരമാ ഞാന്‍ കണ്ടത് ..
ഹ ..എന്നാ മുഴുപ്പില്‍ കണ്ടെന്നാ നീ ഈ പറയുന്നേ?

വളവു തിരിഞ്ഞു വന്നപ്പോ ജീപ്പിന്‍റെ മുന്‍പില്‍ ഇങ്ങനെ നിരന്നു നില്‍ക്കുവല്ലേ..എന്‍റെ ഈശോയെ..ചോര കട്ടയായി പോയി.
കണാ കൊണാന്നു വെക്കാതെ നീ കാര്യം പറ വര്‍ക്കി. എന്നാ നിരന്നു നിന്നെന്നാ നീ ഈ പറയുന്നേ?

ഒരു നൂറു എണ്ണമെങ്കിലും കാണും.. പുലി! റോഡ്‌ മുറിച്ചു കടക്കാനുള്ള പരിപാടിയാ..ലൈറ്റും വെട്ടത്തു തീക്കട്ട പോലെ തിളങ്ങുവാരുന്നു അതിന്‍റെ കണ്ണ് എല്ലാം കൂടെ. ഉണ്ണീശോയെ വിളിച്ചോണ്ട് എണീറ്റ്‌ നിന്ന് ചവിട്ടിയിട്ടാ വണ്ടി ഒന്ന് നിന്നത്.
എന്നതാടാ വര്‍ക്കി നീ ഈ പറയുന്നേ ? നൂറു പുലിയോ!

ആ ..നല്ല മെഴു മെഴാന്നിരിക്കുന്ന പുലി..ആണും പെണ്ണും കുഞ്ഞും എല്ലാം ഒന്ടാരുന്നു.
ഒന്ന് പോടാ ഉവ്വേ ..നൂറു പുലി പോലും. എടാ കേരളത്തില്‍ അകെക്കൂടെ നൂറു പുലി കാണുകേല. അന്നേരമാ മറയൂരില്‍ തന്നെ നൂറു എണ്ണം.

അതുപിന്നെ ചാക്കൊച്ചാ ...അങ്ങനെ കൃത്യമായിട്ട്‌ ഒക്കെ പറയണേല്‍ ..ആ ..ഒരു എണ്‍പത് എണ്ണം എന്നതാണെങ്കിലും ഉണ്ടായിരുന്നു.
എടാ കോപ്പേ ..നീ ഒന്ന് വെറുതെ ഇരി. ഈ കഴിഞ്ഞ ആഴ്ച പത്രത്തില്‍ ഉണ്ടായിരുന്നു. ഈ വര്ഷം പുലിയുടെ കണക്കെടുതതിന്റെ വാര്‍ത്ത. അകെ അറുപതു എണ്ണമാ വനം വകുപ്പ് പോലും പറയുന്നത്. പിന്നെ എങ്ങനെയാ നീ എണ്‍പത് എണ്ണത്തെ കണ്ടത്.

ഹ..അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ ശരിയാകുന്നേ. ഞാന്‍ എന്‍റെ ഈ രണ്ടു കണ്ണും കൊണ്ട് കണ്ടതല്ലേ.
എടാ..എടാ ചുമ്മാ വിടുവാ അടിക്കല്ലേ . ശെടാ ..വൈകിട്ട് ഇന്നാ വീട്ടിലിരുന്നെക്കാം എന്ന് വച്ചാല്‍ പെണ്ണുമ്പിള്ള ചെവിതല കേള്‍പ്പിക്കുകേല. അതുകൊണ്ടാ ക്ലബ്ബിലോട്ട് പോരുന്നത്. അന്നേരം ഓരോരുത്തന്‍മാര്‍ ഇറങ്ങിക്കോളും ഒരുമാതിരി കാവടി കച്ചോടോം ആയി . ആ..

വെറുതെ അല്ലാന്ന്...ഇത് നല്ല കൂത്ത്. ഞാന്‍ കണ്ടതല്ലേ.
നീ പോ വര്‍ക്കി, ചുമ്മാ ഓരോ കേസും പിടിച്ചോണ്ട് വന്നോളും. ആ.. നീ ഇത് കണ്ടോ. നമ്മുടെ മാത്തുക്കുട്ടി കൊണ്ടുവന്നതാ. എടാ ബെന്നിയെ ..എന്നതാടാ ഇതിന്‍റെ പേര്... കോണകമോ ?

ശേ.. ശേ.. വൃത്തികേട് പറയാതെ എന്‍റെ  ചാക്കൊച്ചാ ..കോണകം അല്ല..കൊന്യാക്ക് ..ഫ്രഞ്ച് കൊന്യാക്ക് .
ആ ..എന്നാ പൊളിര് എങ്കിലും ആട്ടെ . ഇരുപത്തിനാല് വര്‍ഷം കുഴിച്ചിട്ടതാ എന്നൊക്കെ പറയുന്നത് കേട്ടു. എന്നതാണോ ആവൊ. ആ വര്‍ക്കിയെ , എടാ നീ വേണേല്‍ ഇതേന്നു രണ്ടെണ്ണം വിട്ടേച്ചു വീട്ടില്‍ പോ.

അതൊക്കെ വിടാം ചാക്കൊച്ചാ ..പക്ഷെ ഈ പുലി ഒണ്ടല്ലോ ഇനി എനിക്ക് എണ്ണത്തില്‍ കുറച്ചു തെറ്റിയാലും ഒരു നാല്‍പ്പതു എണ്ണം കുറഞ്ഞത്‌ കാണും. അതൊറപ്പാ ..
അവന്‍ പിന്നേം തൊടങ്ങി . വര്‍ക്കി നീ മേടിക്കും കേട്ടോ. പുലി എല്ലാം കൂടെ എന്നാ പഞ്ചായത്ത്‌ ആപ്പീസ് സമരത്തിന്‌ പോകുവാരുന്നോ കൂട്ടമായി ? ഞ്ഹാ...

ശെടാ ...ഇതെന്നാ എടപാടാ? ഞാന്‍ കണ്ട കാര്യം പറഞ്ഞിട്ട് ഇങ്ങേര്‍ക്ക്  മനസിലാകുന്നില്ലേ. ചുമ്മാ പറഞ്ഞിട്ട് എനിക്ക് എന്നാ സ്വര്‍ഗ്ഗം കിട്ടാനാ?
ഇവന്‍ സമ്മതിക്കുകേല...എടാ പുല്ലേ ഇതെന്നാ വല്ല മാനോ മയിലോ ആണോ ഇങ്ങനെ കൂട്ടം കൂടി നടക്കാന്‍? പുലി അങ്ങനെ നാല്‍പ്പതു എണ്ണം ഒന്നും ഒരുമിച്ചു നടക്കില്ല.

അതെന്നാ പുലിക്കു കൂട്ടമായി പോകാന്‍ മേലെ?
ആ.... മേല. പുലി ഒന്നും കൂട്ടമായി നടക്കുന്ന സാധനമല്ല അറിയാമോ?

അതൊന്നും എനിക്കറിയത്തില്ല. എന്നതാണെങ്കിലും ഒരു പത്തു ഇരുപതു എണ്ണം ഒറപ്പായിട്ടും ഉണ്ടായിരുന്നു.
വര്‍ക്കിയെ നീ ഒന്ന് അടങ്ങി ഇരി . ഇനി ഇവിടെ പുലിക്കേസ് പറഞ്ഞാല്‍ നീ മേടിച്ചു കെട്ടും കേട്ടോ. പറഞ്ഞില്ലാന്നു വേണ്ട. കുറെ നേരം ആയി ക്ഷമിക്കുന്നു. അവനും കുറെ പുലീം..

ഹ..ഞാന്‍ ജീപ്പ് നിര്‍ത്തി ഇറങ്ങി ഒരു നാലു അഞ്ചു എണ്ണത്തിന്റെ കാല്‍പ്പാടു വരെ എണ്ണിയതാ. പിന്നെയാണോ?
നീ എന്‍റെ കയ്യീന്ന് മേടിക്കാതെ പോകത്തില്ല അല്ലെ? നാലു അഞ്ചു എണ്ണം പോലും. എടാ പുലി ഒറ്റയ്ക്ക് നടക്കുന്ന സാധനമാ ..മനുഷ്യന്‍റെ വെട്ടം കണ്ടാല്‍ പിന്നെ ആ വഴി വരില്ല അത്.

ഹ ..ഒരെണ്ണം ജീപ്പിന്‍റെ ബോനറ്റിനു മുകളിലൂടെയല്ലേ ചാടിപ്പോയത്. അത് ഒള്ളതാ. 
എന്‍റെ പൊന്നു വര്‍ക്കി, നീ ഒന്ന് നിര്‍ത്ത്. ഈ മറയൂരില്‍ പുലി ഒന്നും ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ പുലി ടാര്‍ റോഡില്‍ ഒന്നും ഇറങ്ങി നില്‍ക്കത്തില്ല അറിയാവോ ?

ചാക്കൊച്ചാ ..അതുപിന്നെ പുലി ആണോ എലി ആണോ എന്നൊന്നും അറിയത്തില്ല. ഒന്ന് മുള്ളാന്‍ വേണ്ടി ജീപ്പ് നിര്‍ത്തി റോഡ്‌ സൈഡില്‍ നിന്നപ്പോള്‍ താഴെ ഒരു അനക്കം കേട്ടത് ഒള്ളതാ.
എടാ പന്ന കഴുവേറി .. നീ വലിയ കാര്യത്തിന് ഒണ്ടാക്കാന്‍ തൊടങ്ങിയപ്പോഴേ ഞാന്‍ ഓര്‍ത്തതാ ...അവന്‍റെ അമ്മേടെ പുലി...നിന്നെ ഞാന്‍ ഇന്ന് ...നിക്കടാ അവിടെ.

(കടപ്പാട് : ഏതോ സായംകാല സൌഹൃദ സദസ്സില്‍ ഈ കഥ പറഞ്ഞ ദിലീപിനും പിന്നെ ഇതിന്‍റെ ആഗോള കോപ്പി റൈറ്റ് ഉള്ള സുനിലിനും).   


Protected by Copyscape Web Copyright Checker

Thursday, 2 June 2011

അമൂല്യമായ പാഴ്വസ്തുക്കള്‍

അമൂല്യമായവ എങ്ങനെ പാഴ്വസ്തുക്കളാകും? അല്ലെങ്കില് പാഴ്വസ്തുക്കലെങ്ങങനെ അമൂല്യമാകും? കുഴപ്പം പിടിച്ച ചോദ്യം തന്നെ. തികച്ചും വിപരീതമായ അര്‍ത്ഥതതലം ഉള്ള രണ്ടു വാക്കുകള്. ഈ വാക്കുകള് ഇങ്ങനെ ഒന്നിച്ചു ഉപയോഗിക്കുന്നതില് ഭാഷാപരമായ തെറ്റുണ്ട് എന്നു വാദിക്കാനാവും നിങ്ങളില് ബഹുഭൂരിപക്ഷത്തിനും ആദ്യം തോന്നുക. അങ്ങനെ തോന്നിയതില് തെറ്റുമില്ല. കാരണം എനിക്കും ഇതു എഴുതാന് തുടങ്ങുന്നതുവരെ മറിച്ചൊന്നല്ല തോന്നിയിരുന്നത്.

എപ്പോഴാണ് ഒരു വസ്തു അമൂല്യമാകുന്നത്? അല്ലെങ്കില് എപ്പോഴാണ് നാം ഒന്നിനെ പാഴ്വസ്തു എന്നു വിളിക്കുന്നത്? വിലയില്ലായ്മക്ക് ഒരു അളവ്കോല്‍, അതും എല്ലാവര്‍ക്കും (എല്ലാവര്‍ക്കുമില്ലെങ്കിലും ഒരു ജനാധിപത്യ വ്യവസ്ഥയല് ഭൂരിപക്ഷത്തിനെങ്കിലും) സ്വീകാര്യമായ ഒരു അളവ്കോല്‍ ഉണ്ടോ? ഇനി ഇപ്പോള് ഈ ഭൂമിമലയാളത്തില് അങ്ങനെ ഒന്നു ഇല്ലെങ്കില്‍ത്തന്നെയും സമീപഭാവിയില് അങ്ങനെ ഒന്നു ഉണ്ടാകുക സാധ്യമാണോ?

ഒരുപാടു ചോദ്യങ്ങള് ചോദിച്ചു ത്താങ്കളെ വിമ്മിഷ്ടപ്പെടുത്തുക എന്ന ദുരുദ്ദേശം എനിക്ക് ആശേഷം ഇല്ല എന്നു ദയവായി മനസിലാക്കുക. ഈ സമസ്യയുമായി ബന്ധപ്പെട്ടു മുന്‍പറഞ്ഞത്‌ കൂടാതെ ഒരുപാടു ചോദ്യങ്ങള് കുറേനാളുകളായി മനസിലേക്ക് കടന്നുവരുകയും ഇങ്ങനെയുള്ളെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന് നടത്തിയ പരാജയപ്പെട്ട പരിശ്രമങ്ങളും ആണ് എന്നെ ഇങ്ങനെ ഒക്കെ എഴുതുന്നതിലേക്ക് എത്തിച്ചത്. അതുകൊണ്ട് ചോദ്യങ്ങളിലില് നിന്നും ചോദ്യങ്ങളിലേക്ക് അവസാനമില്ലാതെ പോകുക എന്ന പരിപാടിക്ക് ഒരു വിരാമം ഉണ്ടാകേണ്ടത് തീര്‍ച്ചയായും എന്റെ കൂടെ ആവശ്യമാണ്. പക്ഷേ സമസ്യക്കുള്ള ഉത്തരം? അവിടെയല്ലേ കുഴപ്പം മുഴുവന്..

മൂല്യം ഉള്ള വസ്തുക്കള് എന്നു പൊതുവേ കരുതതുന്നവയെകുറിച്ചു ആര്‍ക്കും വലിയ അഭിപ്രായവ്യാത്യാസം ഉണ്ടാകാനിടയില്ല. കാരണം മൂല്യത്തിനു ചില വ്യവസ്ഥാപിതമായ അളവുകള് ഉണ്ട് എന്നത് തന്നെ. ആ വസ്തുവിന്റെ വില, ലഭ്യത, പഴക്കം തുടങ്ങി പലതും അതിന്റെ അമൂല്യതക്ക് നിദാനമായി വന്നേക്കാം. പൊതുവേ ഈ ലോകത്ത് മൂല്യമുള്ളവ എന്നു കരുതപ്പെടുന്നവയെക്കുറിച്ചു മറിച്ചോരഭിപ്രായം ഇതുവരെ ഉണ്ടായതായി കേട്ടിട്ടില്ല. അവയെക്കുറിച്ചു തര്‍ക്കങ്ങള് ഉണ്ടായിട്ടുണ്ട്...ഉടമസ്ഥതയെകുറിച്ചു അല്ലെങ്കില്‍ പഴക്കത്തെക്കുറിച്ചു. പക്ഷേ അമൂല്യതയെക്കുറിച്ചു? ഇല്ല, ഇതുവരെ അങ്ങനെ ഒരു തര്‍ക്കം എന്‍റെ ഓര്‍മ്മയില്‍ (അങ്ങനെ പറയാന് തക്ക ജീവിതനുഭവങ്ങള് ഉണ്ടാകാന് മാത്രമുള്ള പ്രായം ഒന്നും ഉള്ള ആളൊന്നുമല്ല ഞാന്) ഇല്ല. പക്ഷേ ഒന്നിന്റെ വിലയില്ലായ്മ...അവിടെയാണ് കുരുക്ക്. അവിടെ തീര്‍ച്ചയായും തര്‍ക്കങ്ങള്‍ക്കും വാദങ്ങള്‍ക്കും സാധ്യതകള് ഉണ്ട്.

എല്ലാത്തിനും ഒരു തുടക്കം ഉണ്ടല്ലോ. ഈ കീറാമുട്ടി ചോദ്യം ആദ്യമായ് എന്റെ മനസിലേക്ക് വന്നത് വളരെ നാളുകള് കൂടി എന്റെ ശ്രദ്ധ ഒരു പഴയ പെട്ടിയില് ഉടക്കിയപ്പോഴാണ്. ഈ പെട്ടി ഒരു കാലത്ത് (എന്നുവച്ചാല് എന്റെ കുട്ടിക്കാലത്ത്...ഒരു പത്തു പന്ത്രണ്ടു വയസൂവരെ) എന്റെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും സൂക്ഷിക്കുന്ന ഇടമായിരുന്നു. ഈ പെട്ടിയില് സൂക്ഷിച്ചിരുന്ന വസ്തുവകകലെക്കുറിച്ചു പറയാതെ ഇനി മുന്‍പോട്ട് പോകാനാവില്ല. അതുകൊണ്ട് വളരെ ചുരുക്കി അതുകൂടി. താഴെപറയുന്നവയായിരുന്നു ഈ ...........വസ്തുക്കള് (കുത്തുകള് ഇട്ട ഭാഗം തീര്‍ച്ചയായും പുറിപ്പിക്കേണ്ടത് തന്നെ..പക്ഷേ ഇപ്പോഴും അതു തര്‍ക്കാവിഷയമാണല്ലോ; ഏതു? മൂല്യം...പാഴ്....)
- അന്ന് വളരെ കുറച്ചു ആളുകള് മാത്രം വരിക്കരായുള്ള സോവിയറ്റ് യൂണിയന്‍ മാസികയുടെ കുറേ പതിപ്പുകള്. അതിന്റെ തന്നെ കവര്പേജുകളില്‍നിന്നും വെട്ടിയെടുത്ത പടങ്ങള്.
- ക്രിസ്മസ് പുതുവഴ്സര ആശംസകളുമായി ബന്ധുവീടുകളില് നിന്നും എത്തിയിരുന്ന പല വലിപ്പത്തിലും തരത്തിലും ഉള്ള കാര്‍ഡുകള്.
- എന്റെ സമപ്രയക്കാരും മൂത്തവരു ഇളയവരുമായ പിള്ളേരുടെ കയ്യില്‍നിന്നും ഒറ്റക്കും സംഘമായും കളിച്ചു സമ്മാനമായി ഞാന് നേടിയെടുത്ത പല നിറത്തിലുള്ള വട്ടുകള്.
- ശീമക്കൊന്ന വേലിക്കിടയിലൂടെ നൂണ്ടു കടന്നു രാവിലെത്തന്നെ പെറുക്കിയെടുത്ത് (ചിലപ്പോഴൊക്കെ അതും മത്സര അടിസ്ഥാനത്തില് തന്നെ) ചില്ല് കുപ്പിയിലിട്ട് വച്ചിരിക്കുന്ന ചോരത്തുള്ളിപോലെ ഇരിക്കുന്ന മഞ്ചാടി കുരുക്കള്‍.
- സ്കൂളിനു മുന്‍പില് എല്ലാ ചൊവ്വഴ്ചയും മുടങ്ങാതെ വന്നിരുന്ന പുസ്തക കച്ചവടക്കാരന്റെ കയ്യില് നിന്നും വാങ്ങിയ ചുവന്ന റോസാപ്പൂ sticker, സുപ്പെര്‍മാന്‍ പടങ്ങള്
- സ്വപ്ന സാക്ഷാത്കാരം പോലെ അന്നത്തെ പേര്‍ഷിയായില് നിന്നും അവധിക്കുവരുന്ന ആരെങ്കിലും തരുന്ന രെയ്‌നോള്‍ഡ്സ് പേന (അന്നത്തെ പേന തുറക്കാന് പറ്റുമായിരുന്നില്ല. രീഫില്ല് തീര്‍ന്നാല് പരിപാടി കഴിഞ്ഞു.)

അങ്ങനെ അങ്ങനെ എന്തെല്ലാം തരം വസ്തുക്കളുടെ അനന്തശേഖരം! (അത്രക്ക് വേണോ? എന്നാലും ഇരിക്കട്ടെ ഇത്തിരി കനത്തില്‍തന്നെ) ഉള്ളില് ഒതൂക്കിയ എന്റെ ആ പെട്ടി. ഇനി ഒരിക്കലും മടങ്ങിപ്പോകാനാകാത്ത, ജീവിതം എന്ന പുസ്തകത്തിലെ മറിഞ്ഞുപോയ താളുകള്....അതിലെ ഏറ്റവും നിറപ്പകിട്ടാര്‍ന്ന ഇടങ്ങളുടെ ഓര്‍മകളിലേക്കു ഇന്നും എന്നെ കൂട്ടികൊണ്ടുപോകാന് കഴിയുന്ന വസ്തുക്കള് ഉള്ളിലൊതുക്കിയ ഗതകാലസ്മരണകളുടെ പേടകം.

ഒരുപാട് പറയാണുന്ട് അതിലെ ഓരോണ്നിനേയും പറ്റി. അതതിലേക്ക് കൂടുതല് പോയാല് വീണ്ടും വിഷയത്തില് നിന്നും വ്യതിചലിച്ച് വേറെ എവിടെയെങ്കിലും എത്തും. അമേരിക്കക്ക് പോകാനിറങ്ങി ആസ്ട്രേലിയ-ഇല് എത്തിയതുപോലെ. നമുക്ക് ഇതു ഒരു തീരത്ത് അടുപ്പിക്കാണമല്ലോ.

വീണ്ടും വിഷയത്തിലേക്ക്. ഞാന് ഒഴിച്ചു ഈ ഭൂമിയിലെ ഏതൊരാള്‍ക്കും എന്നോ ചരിത്രത്തിന്റെ ഭാഗമായി മാറിയ (അല്ലെങ്കില് മാറ്റപ്പെട്ട) ഒരു രാജ്യത്തിന്റെ നാമധേയം വഹിക്കുന്ന പരസ്പരം താളുകളേ ബന്ധിപ്പിക്കുന്ന നൂലിഴ പോലും പൊട്ടറായ ഒരു മാസികക്ക് എന്തു മൂല്യമാണ് കൊടുക്കാനാവുക? അല്ലെങ്കില് നിറം പോയ, മുറുകെ പിടിച്ചാല് കീറി പൊടിഞ്ഞു പോകുന്ന കുറേ ആശംസ കാര്‍ഡുകള് മറ്റൊരാളെ ഏതു ലോകത്തേക്കാണ് കൂട്ടികൊണ്ടുപോകാനാകുക? അതുമല്ലേകില് കുറേ മഞ്ചാടികുരു, കുറേ നിറമുള്ള വട്ട്, എനിക്കല്ലാതെ ആര്‍ക്കാണ് ഇവയൊക്കെ കാണുമ്പോള് ഓര്‍മ്മചിറകുകളിലേറി പോയ്പ്പോയ കാലത്തിലേക്ക് ഊളിയിടനാകുക?
ഏതൊരാള്‍ക്കും ഇവയെല്ലാം പാഴ്വസ്തുക്കള് മാത്രം. എന്നാല് എനിക്കോ?

ഇപ്പോള് ഏകദേശം ഒരു ലൈന് കിട്ടിയില്ലേ?

എന്നാല് ഇവിടെയും നമ്മുടെ പ്രശ്നം അത്യന്തികമായി ഒരു തീരുമാനത്തിലെതുന്നില്ല!

ഞാന് എന്ന മഹാസംഭവത്തിലേക്ക് തന്നെ തിരികെ വരം.(അല്ലാതെ പിന്നെ, ഒരു ചെറിയ കാര്യം മനസീലിട്ട് ആലോചിച്ചു കുഴപ്പങ്ങള് ഉണ്ടാക്കി പിന്നെ അതൊക്കെ ഇങ്ങനെ അന്തവും കുന്തവും ഇല്ലാതെ അല്ലെങ്കില് തീര്‍ച്ച തീരുമാനം ഏവയൊന്നുമില്ലാതെ എഴുതി പരത്തി നശിപ്പിക്കുന്ന ഞാന് പിന്നെ ഒരു മഹാസംഭവമല്ലാതെ പിന്നെ എന്താണു?) ഇന്നു കുറേ മാസികകളും നിറമുള്ള വട്ടുകളും മഞ്ചാടി കുരു, സൂപര്‌മന് പടം ഏവയൊക്കെ കണ്ടു പിന്നിട്ടു പോയ കാലത്തിലേക്ക് പറക്കാന് തയ്യാറായി നില്‍ക്കുന്ന ഈ ഞാന് നാളെയോ അല്ലെങ്കില് കുറേ നാളുകള് കഴിഞ്ഞോ ഇങ്ങനെ തന്നെ ഒക്കെ പറയും എന്നു വല്ല ഉറപ്പും ഉണ്ടോ? എനിക്കുതന്നെ ഉറപ്പില്ലാത്ത സ്ഥിതിക്ക് വേറെ ഒരാളോട് അതു ചോദിക്കുന്നതുതന്നെ മോശം.

അപ്പോള് ഈ മൂല്യം, മൂല്യമില്ലായ്മ എന്ന എന്റെ ഈ കുഴപ്പം പിടിച്ച ഏടപാട് തല്‍ക്കാലം ഇങ്ങനെ അവസാനിപ്പിക്കാം. ഒരു വസ്തുവിന്റെ മൂല്യവും മൂല്യമില്ലായ്മയും അതു ആര്‍ക്ക് എപ്പോള് ബാധകമാകുന്നു എന്നതിനെ അസ്രയിച്ചിരിക്കും. അങ്ങനെ എളുപ്പത്തില് അളന്നു തിരിക്കാന് പറ്റിയ ഒരു അളവ്കോല്‍ ഇല്ലെന്നതാണു സത്യം.

Protected by Copyscape Web Copyright Checker

Wednesday, 18 May 2011

ഇങ്ങനെ ഒക്കെ നിങ്ങളും പറഞ്ഞിട്ടുണ്ട്


(കുടുംബ കലഹം ഒഴിവാക്കുന്നതിനായി നിയമ പ്രകാരമുള്ള മുന്നറിയിപ്പ് : ഈ കഥാപാത്രങ്ങള്‍ക്ക് ഈ ഭൂ(ബൂ)ലോകത്തില്‍ ജീവിച്ചിരിക്കുന്നവരോ കടന്നുപോയവരോ ഞാന്‍ അറിയുന്നവരോ എന്നെ അറിയുന്നവരോ ആയ ആരുമായും യാതൊരു ബന്ധവും ഇല്ല. പേരുകളും സന്തര്‍ഭങ്ങളും എല്ലാം സാങ്കല്‍പ്പികം മാത്രം. ഇനിയും ആരെങ്കിലുമായി ആര്‍ക്കെങ്കിലും എന്തെങ്കിലും ഹി-ബി-ഹി-ബീസ് തോന്നിയാല്‍ അത് തികച്ചും ആസൂത്രിതമായ യാദൃശ്ചികത മാത്രം.)

-----------------------------------------------------------------------------------------------------------------------------------------

ആഹാ വന്നോ ..എന്താ ഇന്ന് നേരത്തെ കളി കഴിഞ്ഞോ?
ഉം ...
അതെന്താ ഇന്ന് ആരുമില്ലയിരുന്നോ കളിയ്ക്കാന്‍?
ഉം....
ഇതെന്നാ ഒന്നും മിണ്ടാതെ ഇങ്ങനെ മാറി മാറി നടക്കുനത്? അവിടെ നിന്നെ.. നോക്കട്ടെ
ഒന്നുമില്ലെടി
ഇന്നും കള്ള് കുടിച്ചു അല്ലെ?
കള്ളോ? ഞാനോ? ഏയ് ...
ഒന്നും പറയേണ്ട..എനിക്കറിയാം. എന്‍റെ ദൈവമേ..ഇതെന്തൊരു കഷ്ടമാ..നിങ്ങള്ക്ക് ഇതല്ലാതെ ഒരു പണിയുംഇല്ലേ.
എന്നതാടീ?
ഇന്നും ദാണ്ടെ കുടിച്ചേച്ചു വന്നിരിക്കുന്നു. അല്ല എന്നതാ നിങ്ങളുടെ ഉദ്ദേശ്യം?
എന്ത് ഉദ്ദേശ്യം?
ഇതു എന്ത് വിചാരിച്ചുള്ള പോക്കാ?
എടി പെണ്ണെ..ഉള്ള കാര്യം പയാമല്ലോ. ഞാന്‍ അകെ രണ്ടു പെഗ് മാത്രമേ എടുത്തുള്ളൂ . സത്യം.
പിന്നേ..സത്യം ...രണ്ടെണ്ണത്തില്‍ നിര്‍ത്തുന്ന ഒരാള്‍. രണ്ടു കുപ്പി ആയിരിക്കും. ഞാന്‍ ഇന്നും ഇന്നലേം കാണാന്‍ തുടങ്ങിയതല്ലല്ലോ.
...തുടങ്ങി ..പറഞ്ഞാല്‍ മനസ്സിലാകത്തില്ലേ നിനക്ക്.
ഒന്നും പറയേണ്ട..എനിക്ക് ഒന്നും കേള്‍ക്കുകയും വേണ്ട
പോടീ പുല്ലേ... പോയി പണി നോക്ക്. നിന്നെ ഇപ്പോള്‍ കണക്കു ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല എനിക്ക്.
ഹും..ഞാന്‍ എന്തെങ്കിലും പറയുന്നതാ കുറ്റം. കാണിക്കുന്നതിന് ഒരു കുഴപ്പവുമില്ല.
അതിനു ഞാന്‍ ഒന്നും കാണിച്ചല്ല നടക്കുന്നത്. ഷോട്സും ടിഷര്‍ട്ടും ഇട്ടിട്ടുണ്ടല്ലോ.
ദേ ..കാര്യമായിട്ട് എന്തെങ്കിലും പറയുമ്പോള്‍ വെറുതെ തമാശിക്കല്ലേ..ഒരു തമാശക്കാരന്‍ വന്നിരിക്കുന്നു.
ശരി ഇന്നാല്‍ തമാശ വിട്ടു. പറയൂ മകളെ എന്താ നിന്‍റെ പ്രശ്നം ഇപ്പോള്‍?
പരിപാടി നടക്കില്ല. അതുതന്നെ പ്രശ്നം.
ഏതു പരിപാടി?
ദേ .ചുമ്മാ ആക്കല്ല് കേട്ടോ. എനിക്ക് ദേഷ്യം വരും.
ഞ്ഹെ ..അപ്പോള്‍ ഇതുവരെ ദേഷ്യം ഇല്ലായിരുന്നോ?
എന്തിനാ എന്നും ഇങ്ങനെ കുടിക്കുന്നത്? ഞാന്‍ ഇവിടെ ഒറ്റക്കാണ് എന്ന് അറിയാന്‍ മേലെ? എന്‍റെ വീട്ടിലാരുംഇങ്ങനെ കുടിക്കില്ല. എനിക്ക് ഇതു കാണുമ്പോള്‍ തന്നെ പേടിയാ.
എടീ പെണ്ണേ ഇന്ന് തോമാച്ചന്‍ പുതിയ പജീറോ മേടിച്ചതിന്റെ ചിലവായിരുന്നു. ഒരു ചെറിയ തുടക്കം. ബാക്കി വ്യാഴാഴ്ച വൈകിട്ട്. അവന്‍ വലിയ കാര്യമായിട്ട് കൊണ്ടുവന്നിട്ടു ഞാന്‍ കൂടിയില്ലെങ്കില്‍ മോശം അല്ലെ.
പിന്നേ.. ഭയങ്കര മോശം ആയിപ്പോകും. അപ്പോള്‍ ഇന്നലയോ?
ഇന്നലെ? ....ഉം.......ഇന്നലെ ബാബുവിനു ബോണസ് കിട്ടി. നാലു വര്‍ഷത്തിനു ശേഷമാണ് പോലും. അവന്റെ ഒരു സന്തോഷത്തിനു....
നിങ്ങള്‍ക്കൊക്കെ എന്തിന്‍റെ കേടാ? സന്തോഷം വന്നാല്‍ കുടി...ടെന്‍ഷന്‍ കേറിയാല്‍ കുടി ... നശിച്ച കുടി ഇല്ലാത്ത എന്തെങ്കിലും ഉണ്ടോ നിങ്ങള്ക്ക്?
അപ്പോള്‍ ഞാന്‍ എന്നാ ചെയ്യണമെന്നാ പറയുന്നത്?
നിങ്ങള്ക്ക് വൈകിട്ട് വീട്ടില്‍ വന്നാല്‍ ഇവിടെ അടങ്ങി ഇരുന്നുകൂടെ? ഞാന്‍ അടുക്കളയില്‍ കയറുന്ന നേരത്ത്എന്നെ കാണാതെ മുങ്ങുന്നത് നിര്‍ത്തണം.
ഞാന്‍ നീ പറഞ്ഞതനുസരിച്ച്  ടെന്നീസ് കളിയ്ക്കാന്‍ പോകുന്നതല്ലേ?
ഒടുക്കത്തെ ഒരു  ടെന്നീസ്  കളി . ഹോ... അല്ലെങ്കിലും നിങ്ങളെ ഉന്തി തള്ളി കളിക്കാന്‍ വിട്ട എന്നെ പറഞ്ഞാല്‍ മതിയല്ലോ. എനിക്കറിയാം അവിടെ എന്താ പരിപാടി എന്ന്.
എന്ത് പരിപാടി?
കണ്ടോ..എല്ലാവന്റെയും കെട്ടിയോള്‍മാരെ കൂട്ടി ഞാന്‍ ഒരു വരവുണ്ട് അങ്ങോട്ട്‌. നിര്‍ത്തിക്കും ഇതു ഞാന്‍.
പിന്നെ.. നീ പറയുമ്പോള്‍ ജാഥ നടത്താന്‍ റെഡി ആയി ഇരിക്കുകയല്ലേ എല്ലാവരും.
ആരും ഇല്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് വരും. ആ കണ്ടോ
ഇതു നല്ല കൂത്ത്‌. മര്യാദക്ക് ഇവിടിര്‍ന്ന എന്നെ തടി കൂടുന്നു എന്ന് പറഞ്ഞു നീ തന്നെ അല്ലെ  ടെന്നീസ് കളിയ്ക്കാന്‍വിട്ടത്. എന്നിട്ടിപ്പോള്‍ കളി നിര്ത്തിക്കുമെന്നോ?
കളിക്കാനാണ് എന്നും പറഞ്ഞു പോയിട്ട് അവിടിരുന്നു കള്ള് കുടി അല്ലെ പണി.
അവിടെ ആരും കള്ള് കുടിക്കില്ല പെണ്ണെ.
പിന്നേ കുറെ പുണ്യവാളന്മാര്‍. കൊരങ്ങന്‍മാര്‍ . ഇനി കാണട്ടെ .എല്ലാവനും നല്ലത് വച്ചിട്ടുണ്ട് ഞാന്‍. അല്ല എന്തിനാ അവരെ പറയുന്നത്? ആരെങ്കിലും രണ്ടു പേരെ കണ്ടാല്‍ ടനെ കുപ്പിയും പൊക്കിപ്പിടിച്ചു ഇറങ്ങിക്കോളും ഇവിടെയൊരാള്‍. എന്നിട്ട് അടുക്കള വഴി ഒരു വരവുണ്ട് ..വെള്ളം, സോഡാ, സ്നാക്ക്സ് എന്നൊക്കെ പറഞ്ഞു. എനിക്കത് കാണുമ്പോള്‍ എല്ലാം തല്ലി പൊട്ടിക്കാന്‍ തോന്നും..ങ്ഹാ
എന്തെങ്കിലും ഒരു രസം വേണ്ടേ ജീവിതത്തില്‍. പിന്നെ ഇവിടെ എന്തെങ്കിലും ആവശ്യം വന്നാല്‍ ഒരു ഉപകാരത്തിനു അവരൊക്കെ കാണൂ..
അല്ല ..ഇതെവിടിയാ കുപ്പിയൊക്കെ വച്ചിരിക്കുന്നത് ?
എന്തിനാ?
ഒന്ന് കാണാന്‍.
വേല നിന്‍റെ അപ്പന്‍റെ അടുത്ത് ഇറക്കിയാല്‍ മതി. എടുത്തു കളയാനല്ലേ?
അതെ ...ഇനി എന്‍റെ കയ്യില്‍ കുപ്പി കിട്ടട്ടെ ..ഞാന്‍ കാണിച്ചു തരാം.
നീ തച്ചു കുത്തി നിന്നാല്‍ ഒരെണ്ണം കണ്ടു പിടിക്കില്ല മോളെ.
പറയെന്നേ ...എവിടെയാ വച്ചിരിക്കുന്നത്. ഞാന്‍ എടുത്തു കളയില്ല
വേണ്ട വേണ്ട ..നിന്നെ കാര്യത്തില്‍ എനിക്ക് തീരെ വിശ്വാസമില്ല. അതൊക്കെ പോട്ടെ..ഇന്നെന്നതാ ചോറിനു കറികള്‍?
എന്നും ചോറ്. അങ്ങനെ ഇപ്പോള്‍ വേണ്ട. ഇന്ന് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും സാലഡും.
ഞാനെന്താ പശുവോ ഉള്ള ഇലയും കിഴങ്ങും ഒക്കെ തിന്നാന്‍? ചിക്കനും മീനും ഒന്നും കറി വച്ചില്ലേ?
അങ്ങനെ ഇപ്പോള്‍ എന്നും ചിക്കന്‍ തിന്നാല്‍ ശരിയാകുകയില്ല. വൈകിട്ട് കളിയ്ക്കാന്‍ പോയാല്‍ അവിടെ ഇരുന്നു കള്ള് കുടിക്കും. ദേഹം അനങ്ങാന്‍ മടിയുള്ളവര്‍ പച്ചക്കറി തിന്നാല്‍ മതി
അല്ലെങ്കിലും നിനക്ക് ഈയിടെയായി ഒരു സ്നേഹവുമില്ല. പിന്നേ ദേഹം അനങ്ങുന്നില്ല എന്ന് പറയരുത്.കാര്യങ്ങള്‍ ഒക്കെ ദിവസവും ഭംഗിയായിട്ട്‌ നടക്കുന്നുണ്ടല്ലോ. ......ടിന്‍.. ടിന്‍
വലിയ സ്നേഹം ഒന്നും വേണ്ട. അല്ലെങ്കിലും കുടിച്ചിട്ട് വന്നാല്‍ ഇത്തിരി സൂക്കേട്‌ കൂടുതലാ നിങ്ങള്‍ക്ക്. ചുറ്റും കറങ്ങി നടന്നോളും. ശോ... ഒന്ന് മാറിയിരിക്കു..എന്തൊരു മണമാ ഇത്. ഇഷ്ടമില്ല എനിക്ക്.
അങ്ങനെ വരാന്‍ വഴിയില്ലല്ലോ.
ഓരോ ദിവസവും ഓരോ ഓരോ വൃത്തികെട്ട മണം. ഇന്ന് എന്നതാ കുടിച്ചത്?
ഏയ്‌ ...നിനക്ക് തോന്നുന്നതാ. ഇത് മണമില്ലാത്ത ഇനമാ
പിന്നേ ..മണമില്ലാത്ത ഇനം കള്ള് പോലും.
ഇത് കള്ള് അല്ലെടി ..ഇവിടെ എവിടെയാ കള്ളു കിട്ടുന്നത്‌
പിന്നെ എന്നതാ ഇതു?
ഇതോ ..ഇതു വോട്കാ ആണ് മോളെ
ഓ..എന്നാ കൂട്ക ആണെങ്കിലും കൊള്ളാം.
നീ ഇങ്ങനെ ഇപ്പോള്‍ ചൂടാകേണ്ട ഒരു കാര്യവുമില്ല. നമ്മുടെ കല്യാണത്തിന് മുന്‍പേ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ ഞാന്‍ ഇത്തിരി കഴിക്കുന്ന ആളാണെന്നു. അപ്പോള്‍ നീ എന്താ പറഞ്ഞത്..നിന്‍റെ അപ്പനും കഴിക്കുമെന്ന് ..എന്നിട്ട് ഇപ്പോള്‍ പിന്നെ എന്താ കുഴപ്പം?
എന്‍റെ അപ്പന്‍ കഴിക്കും. ക്രിസ്മസ്-നും ഈസ്റ്റര്‍-നും മാത്രം. ഇത് അങ്ങനെയാണോ. എവിടെ എന്നും ഈസ്റ്റര്‍ അല്ലെ?
അത് അപ്പനു ഗാന്ധി ഇറക്കാന്‍ മടിയായിട്ടല്ലേ. പിന്നെ അമ്മയെ പേടിയും.
..അങ്ങനെ കൂട്ടിക്കോ. അപ്പന്‍ കിട്ടിയ ശമ്പളം സൂക്ഷിച്ചു ചിലവാക്കിയാ ഞങ്ങളെ ഒക്കെ വളര്‍ത്തിയതും പഠിപ്പിച്ചതും. അല്ലാതെ നിങ്ങളെ ഒക്കെ പോലെ അപ്പന് റബ്ബര്‍ എസ്റ്റേറ്റ്‌ ഒന്നും ഇല്ലേ.
അപ്പന്‍റെ കാര്യം പോട്ടെ. നിന്‍റെ ആങ്ങളെയോ? വലിയ കോപ്പനാണ് ബാംഗ്ലൂര്‍-ല്‍ എന്നിട്ടും ഓസാനല്ലേ പഠിച്ചിട്ടുള്ളൂ.
അയ്യെടാ. അച്ചാച്ചന്‍ എപ്പോഴാ അളിയനെ ഓസിയത്? വലിയ വര്‍ത്തമാനം ഒന്നും പറയേണ്ട.
ഓസിയില്ലെന്നോ? എന്നിട്ടാണോ കഴിഞ്ഞ മാസം ഞാന്‍ ബാംഗ്ലൂര്‍ പോയപ്പോള്‍ എന്‍റെ ചിലവില്‍ രാവിലെ മുതല്‍ നട്ടപ്പാതിരാ വരെ അവിടെയുള്ള സകല ബാറിലും പോയി വലിച്ചുകയറ്റിയത്.
കഥ ഒന്നും പറയേണ്ട. ആനി എന്നെ വിളിച്ചു കരച്ചിലോടു കരച്ചില്‍ ആയിരുന്നു.
ഉം ..ഞാനില്ലായിരുന്നു എങ്കില്‍ കാണാമായിരുന്നു അന്ന്. അളിയന്‍ ബാറില്‍ കിടന്നു ഉറങ്ങിയേനെ. സ്മരണ വേണമെടി കുറച്ചെങ്കിലും. ഓസില്‍ കിട്ടിയപ്പോള്‍ മൂക്കറ്റം വലിച്ചു കയറ്റിയവന്‍ മിടുക്കന്‍. കാശും കൊടുത്തു അവനെ ഒക്കെ ചുമന്നു വീട്ടില്‍ കൊണ്ടുചെന്ന ഞാന്‍ കൊള്ളരുതാത്തവന്‍ അല്ലെ?
..നിങ്ങള്‍ വലിയ ആളാണേ. സമ്മതിച്ചു
അല്ലാ..അളിയന്‍ ബിയര്‍ കുടിക്കും എന്ന് ആനി അവളുടെ വീട്ടില്‍ പറഞ്ഞതിന് നീയും നിന്‍റെ അമ്മയും കൂടെഇരുന്നു തിരി കൂടുന്നത് കേട്ടല്ലോ. അച്ചാച്ചന്‍ ഇത്തിരി കഴിച്ചാല്‍ അവള്‍ക്കെന്താ ചേതം എന്നൊക്കെ പറഞ്ഞു?
അല്ല അതുപിന്നെ അവള്‍ ആരാ അങ്ങനെ പറയാന്‍?
ആഹാ..അതുശരി ..നാത്തൂന്‍ പറഞ്ഞാല്‍ കുറ്റം. അതെ കാര്യം നീ പറഞ്ഞാല്‍ മിടുക്ക്. അതെന്തൊരു ന്യായമാണ്? നീ എന്നെ കുറിച്ച് എന്തൊക്കെയാ നിന്‍റെ വീട്ടില്‍ പറഞ്ഞു പിടിപ്പിച്ചു വച്ചിരിക്കുന്നത്?
എന്ത് പറഞ്ഞാലും നൂറു ന്യായം കാണും എന്നും. അല്ലെങ്കിലും എനിക്കിത് വരണം. എന്‍റെ നിര്‍ബന്ധം കാരണമാ നമ്മുടെ കല്യാണം നടന്നത്. അന്നേ എല്ലാവരും പറഞ്ഞതാ അവര് പാലാക്കാരാ ..നല്ല കുടിയന്മാരായിരിക്കും എന്നൊക്കെ..എന്‍റെ തലവര.
അയ്യോടീ..അല്ലെങ്കില്‍ എനിക്ക് വേറെ പെണ്ണ് കിട്ടുകെലായിരുന്നു അല്ലെ? എന്നെ തന്നെ കെട്ടിയാല്‍ മതി എന്ന് പറഞു വീട്ടില്‍ സത്യാഗ്രഹം നടത്താന്‍ ഞാന്‍ പറഞ്ഞില്ലല്ലോ. അല്ലെങ്കില്‍ തന്നെ എന്നെ പോലെ ഒരു സ്മാര്‍ട്ട്‌ പയ്യന്‍ നിന്നെ പെണ്ണ് കാണാന്‍ വന്നത് തന്നെ വലിയ കാര്യമല്ലേ?
എന്നെ പറഞ്ഞാല്‍ മതി. അന്നത്തെ ഇരുപ്പും വര്‍ത്തമാനവും ഒക്കെ കണ്ടു ഞാന്‍ അങ്ങ് വീണു പോയി. അല്ലെങ്കിലും ആളെ പറഞ്ഞു പറ്റിക്കാന്‍ അന്നും ഇന്നും വല്ലാത്ത മിടുക്കല്ലേ.
അതുകൊണ്ട് നിനക്ക് കുഴപ്പമൊന്നും വന്നില്ലല്ലോ. എടത്വായില്‍ ചെളിയില്‍ കിടന്ന നീ ഇപ്പോള്‍ ദുബായിയില്‍ നല്ല ജോലിയും കിട്ടി സുഖമായി ജീവിക്കുന്നില്ലെ?
ഇനി ഞാനും കുടി തുടങ്ങാന്‍ പോകുവാ..അങ്ങനെ ഒരാള്‍ മാത്രം അങ്ങനെ സുഖിക്കേണ്ട
ഹാ...ഹാ...ഹാ...ഹോ.ഹോ ഹോ എനിക്ക്‌ ചിരിക്കാന്‍ മേലേ...
എന്താ ഇത്ര ചിരിക്കാന്‍..ഞാന്‍ കാര്യമായിട്ട്‌ പറഞ്ഞതാ..ഞാന്‍ കുടിച്ചാല്‍ എന്താ ഇറങ്ങില്ലേ?
പിന്നെ.. പിന്നെ.. ഇറങ്ങും.. ഇറങ്ങും..കഴിഞ്ഞ ക്രിസ്മസ്-നു വീട്ടില്‍ നിന്ന് ഇത്തിരി വൈന് കുടിച്ചിട്ട് കാണിച്ചത്‌ എല്ലാവരും കണ്ടതല്ലേ
അയ്യേ....ശേ......നിങ്ങള്‍ കാരണമാ അതും.
ദേ കിടക്കുന്നു ..ഞാന്‍ എന്തു കാണിച്ചു?
നിങ്ങള്‍ അല്ലേ പറഞ്ഞത് അത് നല്ലതാ ..മധുരം മാത്രമേ ഉള്ളു എന്ന്.
നിനക്ക് ഇത്ര വിവരം ഇല്ലാതെ പോയല്ലോ. മധുരം മാത്രമുള്ള വൈന്‍ പോലും. എടീ പൊട്ടി.. നീ അല്ലാതെ വല്ല പെണ്ണുങ്ങളും കാട്ടുമാക്കാന്‍ റം ഒഴിച്ചു കൂട്ടി വച്ചിരിക്കുന്ന വൈന് എടുത്തു മട മടാന്നു വലിച്ചു കേറ്റുമോ?
റം ഒഴിച്ചതായിരുന്നെന്നോ? എന്‍റെ ദൈവമേ ..കൊല്ലും നിന്നെ ഞാന്‍ ഇന്ന്. എന്നിട്ട് എന്‍റെ വീട്ട്ലും ചെന്ന് പറഞ്ഞില്ലേ ഞാന്‍ ക്രിസ്മസ്-നു ഓഫ് ആയിരുന്നെന്നു. കൊരങ്ങന്‍....
പിന്നെ നിനക്കിട്ടു ഒരു ചെറിയ പണി തരാന്‍ കിട്ടിയ അവസരം കളഞ്ഞാല്‍ കര്‍ത്താവു പിന്നെ ചോദിക്കും എന്നോട്.
നിങ്ങളുടെ വലിയ കൂട്ടുകാരനല്ലേ ജയ്സണ്‍. മിനി എന്നോട് പറഞ്ഞല്ലോ കള്ളിന്റെ മണം കേള്‍ക്കുന്നതെ ജയ്സ്സന് അലെര്‍ജി ആണെന്ന്. അങ്ങനെ വേണം ആണുങ്ങള്‍. എന്ത് സന്തോഷമായിരിക്കും അവിടെ.
അബുദാബിയില്‍ ഉള്ള ജയ്സണ്‍ ആണോ? ആ അലുവാക്കാരന്‍ . നല്ല ശേലായി..പിന്നേ അവന്‍ എന്‍റെ ആരുമല്ല. നമ്മുടെ തോമാച്ചന്റെ കമ്പനിയില്‍ പെട്ടതാ. അവന്‍റെ കൂടെ ഒന്ന് രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട്. അത്രേ ഉള്ളു. അല്ല നീ എങ്ങനെ ആ ജയ്സനെ കണ്ടത്?
കഴിഞ്ഞ മാസം തോമാച്ചന്റെ മോന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക്. അതെങ്ങനാ നിങ്ങള്‍ക്കൊന്നും ബോധം ഇല്ലായിരുന്നല്ലോ അന്ന്. എന്നിട്ട് പാട്ടും ഡാന്‍സും ..ശേ ...ഓര്‍ക്കുമ്പോള്‍ തന്നെ നാണക്കേട്‌.
ആ ശരിയാ ..അന്ന് അവനും കെട്ടിയവളും ഉണ്ടായിരുന്നു. എന്താ അവളുടെ പേര്?
മിനി. അവള്‍ എന്നോട് നിങ്ങള്‍ നല്ലപോലെ കുടിക്കും അല്ലെ എന്ന് ചോദിച്ചപ്പോള്‍ എന്‍റെ തൊലി ഉരിഞ്ഞുപോയി. കൂടെ അവളുടെ ഒരു കളിയാക്കി ചിരിയും. കൊരങ്ങച്ചി ...
എടി..ഞാന്‍ കുറച്ചു കുടിക്കും അത് വന്നു നിന്നോട് പറയുകയും ചെയ്യും. അതുകൊണ്ടല്ലേ നീ അറിയുന്നത്. എല്ലാവരും അങ്ങനെ അല്ല അതറിയാമോ?
എന്ന് വച്ചാല്‍?
അതുതന്നെ. ഒളിച്ചും പാത്തും കാര്യങ്ങള്‍ ഒക്കെ നടത്തും. കുടി മാത്രമല്ല വേറെ പലതും.
പിന്നേ അങ്ങനെയൊന്നുമില്ല. ഉണ്ടോ?
ഇല്ല പിന്നേ ..ഈ ഭാര്യയെ സോപ്പിട്ടു പറ്റിച്ചു കാര്യം കാണുന്നവര്‍ എല്ലാം ഇങ്ങനെ ആണ്. ആരെങ്കിലും ഇനി അവന്‍ അങ്ങനെ കാണിച്ചു എന്ന് പറഞ്ഞാലും എവളുമാര്‍ പറഞ്ഞവനെ ചീത്ത പറയും.
വെറുതെ ചുമ്മാ പറയല്ലേ? അപ്പോള്‍ ജയ്സണ്‍ കള്ള് കുടിക്കുമോ?
എടി കുടിക്കുമോന്നോ? എന്ത് സാധനമാണെങ്കിലും വെള്ളം പോലും ഒഴിക്കില്ല. അറിയാമോ.
പിന്നേ ..അങ്ങനെ ആണെങ്കില്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അവള്‍ അറിയില്ലേ.
അതിനു വീട്ടില്‍ പോയിട്ട് വേണ്ടേ. അവനു വേറെ ഒരു സെറ്റ് അപ്പ്‌ കൂടെ ഉണ്ട്. പലപ്പോഴും അവിടെയാ രാത്രി കിടപ്പ്.
ചുമ്മാ വേണ്ടാതീനം പറയല്ലേ. ദോഷം കിട്ടും.
എടി കഴുതേ.. അവന്‍റെ കെട്ടിയോള്‍ ആ ചക്കപ്പോത്തിനു അല്ലാതെ എല്ലാവര്‍ക്കും ഇതൊക്കെ അറിയാം. അവളുടെ വിചാരം അവളുടെ കെട്ടിയവന്‍ ഒഴിച്ച് എല്ലാവരും പന്നന്മാര്‍ ആണെന്നാ. അത് അറിയിക്കാനാ നിന്നോട് അന്ന് അങ്ങനെ പറഞ്ഞത്. അത് കേട്ട് തുള്ളാന്‍ നീ ഒരുത്തിയും.
ശരിക്കും ആണോ?
പിന്നല്ലാതെ. വേറെ എല്ലാവരും അവളെ ആക്കി ചിരിക്കുന്നത് നീ കണ്ടില്ലേ?
ഹോ ..ഇങ്ങനെയും ഉണ്ടോ മനുഷ്യര്‍.
ഇപ്പോള്‍ മനസിലായില്ലേ നിന്‍റെ കെട്ടിയവന്‍ അത്ര മോശക്കാരന്‍ അല്ല എന്ന്.
ഉം ..മോശമാണ് എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ മോനെ. എനിക്കറിഞ്ഞുകൂടെ എന്‍റെ ചെക്കനെ .. ഇന്നാലും ഒരുപാടു കുടിക്കല്ലേ ...
ഇല്ലടി .. ഞാന്‍ അല്ലെ പറയുന്നത്.. ആ ..മണി 11 ആയി. എനിക്ക് വിശക്കുന്നു.
ചിക്കന്‍ കറി വേണോ?
ഓ .. സമയം ഇത്രയും ആയില്ലേ ഇനി നീ അതിനുവേണ്ടി ബുദ്ധിമുട്ടേണ്ട.
അത് സാരമില്ല ഒരു 15 മിനിറ്റ്. കുളിച്ചിട്ടു വരുമ്പോഴേക്കും കറി റെഡി..
ഓ കെ

Protected by Copyscape Web Copyright Checker