Monday, 31 March 2014

പാലാക്കാരന്‍ നസ്രാണി


പാലാ...വര്‍ഷത്തില്‍ നല്ല എരിപൊരി മഴക്കാലം ഒഴിച്ചാല്‍ ബാക്കി സമയം മുഴുവന്‍ നല്ല 105 മരത്തില് നിന്നും റബ്ബര്‍ പാല്‍ ഒഴുകുന്നത് പോലെ ശാന്തമായി പ്രവഹിക്കുന്ന മീനച്ചില്‍ ആറിന്‍റെ ഇരു കരകളിലുമായി കിടക്കുന്ന ഒരു ഇടത്തരം പട്ടണം. കേരളത്തിന്റെയും ഭാരതത്തിന്റെയും സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ആധ്യത്മിക കായിക സാഹിത്യ ശാസ്ത്ര ബൌധിക ആത്മീയ കലാ സാംസ്കാരിക ഭരണ (എന്‍റെ അമ്മച്ചീ..ഒന്നു ശ്വാസം വിട്ടൊട്ടെ....) രംഗങ്ങളില്‍ ഒരുപിടി മഹാരഥന്മാരെ സംഭാവന ചെയ്ത മീനച്ചില്‍ പ്രദേശത്തിന്‍റെ സ്വന്തം നഗരം. ഇപ്പോള്‍ കാണുന്ന പാലാ പട്ടണത്തിനു വലിയ ചരിത്രം ഒന്നും പറയാനില്ലെങ്കിലും പാലാ ഉള്‍പ്പെടുന്ന മീനച്ചില്‍ പ്രദേശം ചരിത്രാതീത കാലം മുതലേ ലോക പ്രശസ്തമായിരുന്നു. ഇന്നു അന്താരാഷ്ട്ര തലത്തില് റബ്ബര്‍ വില നിര്ണയിക്കുന്ന കൊച്ചി, കോട്ടയം, കോസവോ, ടോക്കിയോ, സിന്ഗപ്പുര്‍, ജക്കാര്‍ത്ത തുടങ്ങിയ വിപണികള്‍ പോലെ അന്ത കാലത്ത് (എന്നു വച്ചാല് 30 - 10  ബി സി ... റോമാ സാമ്രാജ്യത്തിന്റെ പ്രതാപ കാലത്ത്!!) കുരുമുളക്, ചുക്ക് തുടങ്ങിയവയുടെ വില കണക്കാക്കിയിരുന്നത് മീനച്ചില്‍ വിപണിയിലെ വില അടിസ്ഥാനമാക്കിയായിരുന്നു. അന്നൊക്കെ റോമന്‍ മൊത്തക്കച്ചവടക്കാര്‍ കപ്പലുമായി മീനച്ചില്‍ ആറ്റിലൂടെ വന്നു കുരുമുളകും ചുക്കും കയറ്റി തിരിച്ചു അറബിക്കടല്‍ വഴി ചെങ്കടലിലെ തുറമുഖങ്ങളില്‍ എത്തുകയും അവിടെനിന്നു 'പതിനാറു ചക്രം വോള്‍വോ ലോറിയില്‍' (ഒട്ടകം തന്നെയാണ് ഉദേശിച്ചത്‌) ചരക്കു മുഴുവനും മധ്യധരനാഴി തീരത്തുള്ള തുറമുഖങ്ങളില്‍ എത്തിച്ചു അവിടെനിന്ന് വീണ്ടും അടുത്ത കപ്പലില്‍ കയറ്റി യൂറോപ്പിലെ വിവിധ ദേശങ്ങളില്‍ ഇറക്കി അവിടെയെല്ലാം ആകെമാനം പതിന്മടങ്ങ്‌ മാര്‍ജിന്‍ ഇട്ടു വില്‍ക്കുകയും ചെയ്തിട്ടുണ്ട് (ചുമ്മാ കത്തിവക്കുന്നതല്ല, തെളിവുണ്ട് സത്യം). അവര്‍ക്കുശേഷം കറുത്ത പൊന്ന് തേടി അറബികള്‍ വന്നു നമ്മുടെ നാട്ടു രാജാക്കന്മാരുടെ മുന്‍പില്‍ ഭയഭക്തി ബഹുമാനങ്ങളോടെ നിന്നിട്ടുമുണ്ട്. സത്യത്തില്‍ ഈ ഭൂമി ഉരുണ്ടതാണ് എന്നതിന് ഒരു സംശയവും വേണ്ട. അതുകൊണ്ടാണല്ലോ ഇരുട്ടിവെളുത്തപ്പോള്‍ മണ്ണും തിന്നു ഒട്ടകപ്പുറത്ത് നടന്നവര്‍ കെ.എഫ്.സി മാത്രം തിന്നാനും കാഡില്ലാക്കില്‍ നടക്കാന്‍ തുടങ്ങിയതും പണ്ടത്തെ കുരുമുളക് മുതലാളിമാരായ പാലാക്കാര്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ അറബിയുടെ കമ്പനിയില്‍ ജോലിക്ക് വന്നതും.

അതൊക്കെ അവിടെ നിക്കട്ടെ.. പാലായും മീനച്ചിലും പോലെ തന്നെ പേരുകേട്ടവരാണു പാലാക്കാരും. നല്ല അധ്വാനികള്. ദേഹം അനങ്ങി പണിയെടുക്കാന്‍ മടിയില്ലാത്തവര്‍..............................----............... നീ നിന്‍റെ നെറ്റിയിലെ വിയര്‍പ്പ് കൊണ്ട് അപ്പം ഭക്ഷിക്കണം എന്ന തിരുവചനം "അതെന്നാ എടപാടാ ഉവ്വേ?" എന്ന് ചോദിയ്ക്കാന്‍ നില്‍ക്കാതെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പക്കിയവര്‍ . ഒരു കാലത്ത് കാടു പിടിച്ചു കിടന്ന മീനച്ചില്‍ പ്രദേശം മുഴുവന് സ്വന്തം വിയര്‍പ്പ് ഒഴുക്കി മുപ്പതു മേനിയും അറുപതു മേനിയും നൂറു മേനിയും വിളവെടുത്തവര്‍.  നമ്മുടെ കൈക്കരുത്തിനും ചങ്ക്ഉറപ്പിനും മുന്‍പില്‍ മെരുങ്ങാന്‍ ഇനിയും ദേശങ്ങള്‍ ബാക്കിയുണ്ട് എന്ന തിരിച്ചറിവില്‍ ആന മാന്‍ മയില്‍ കുയില്‍ എലി പുലി കടുവ തുടങ്ങിയവ വിഹരിച്ചു നടന്ന വയനാട്ടിലേക്കും മലബാര്‍ മലയോരങ്ങളിലേക്കും കിഴക്കന്‍ വനങ്ങളിലേക്കും വെട്ടുകത്തിയും തൂമ്പയും മാത്രം കയ്യിലെടുത്തു നടന്നുപോയവര്‍.. അവിടെയെല്ലാമുള്ള കാടും മേടും വെട്ടിത്തെളിച്ച് ഏലവും കാപ്പിയും കുരുമുളകും ഇഞ്ചിയും നട്ടുപിടിപ്പിച്ചു കാടിനെ നാടാക്കിയവര്‍.. കൃഷി നശിപ്പിക്കാന്‍ മലയിറങ്ങിവന്ന കാട്ടാനയേയും കാട്ടുപന്നിയെയും അതിന്‍റെ ഒക്കെ സന്തതിപരമ്പരകളെയും പിന്നീടു ഒരു കാലത്തും ആ ഭാഗത്തേക്ക്‌ നോക്കാന്‍ പോലും പേടിതോന്നും വിധം നാടന്‍ തോക്കും പന്നിപ്പടക്കവും പൊട്ടിച്ചു ആട്ടിപ്പായിച്ചവര്‍.. സ്നേഹവും മര്യാദയും കാണിച്ചവരോട് അത് ഒന്നിന് പത്തായി തിരിച്ചു കൊടുത്തവര്‍. മെക്കിട്ടു കേറാനും ഉടക്കാനും നിന്നവരോട് നല്ല പപ്പടവട അടി കൊണ്ട് (ഈ പട പടാന്ന് പൊട്ടുന്ന തരം) മറുപടി പറഞ്ഞവര്‍..  അടിക്കടി , വെട്ടിനു വെട്ട്ട്, കുത്തിനു കുത്ത് , മര്യാദക്ക് മര്യാദ എന്നിവ ഒരു പോളിസി ആയി സ്വീകരിച്ചു ഏതു നാട്ടിലും പിടിച്ചു നില്ക്കാനും പിടിച്ചെടുക്കാനും പഠിച്ചവര്. അധ്വാനിക്കാനുള്ള മനസും തോല്‍ക്കാനുള്ള മനസില്ലായ്മയും ഉണ്ടെങ്കില്‍ നേടാന്‍ പറ്റാത്തത് ഒന്നുമില്ല എന്ന് ഉറച്ചു വിശ്വസിച്ചവര്‍..  ചുമ്മാതെ ആണോ മാണി സാര്‍ ഇടയ്ക്കിടയ്ക്ക് പറയുന്നത് വയനാട്, ഇടുക്കി ജില്ലകള്‍ തന്നെ ഉണ്ടാക്കിയത് പാലാക്കാരാണ്എന്ന്.


ഒരു കാര്യം പ്രത്യേകം ഇവിടെ പറയേണ്ടത് അവര് വെറും തൂമ്പാപണിക്കാര്‍ മാത്രമായിരുന്നില്ല. കൃഷിക്കൊപ്പം റോഡുകള്‍, വൈദ്യതി തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാന്‍ മുന്‍പില്‍ നിന്നു അവര്‍. കൂടാതെ മക്കള്‍ക്ക് പഠിക്കാന്‍ നല്ല പള്ളിക്കൂടം, കോളേജ്, പിന്നെ ആശുപത്രി, സഹകരണ സംഘം അങ്ങനെ അങ്ങനെ വരും തലമുറക്ക് വേണ്ടതെല്ലാം അവര് ഉണ്ടാക്കി. കുടിയേറ്റം ആ നാടുകളുടെയെല്ലാം മുഖച്ഛായ തന്നെ മാറ്റിക്കളഞ്ഞു. കാരണവന്മാരുടെ കുടിയേറ്റം കേരളത്തിലും കര്ണാടകത്തിലും കൊണ്ട് തീര്‍ന്നപ്പോള്‍ അവരുടെ മക്കളും കൊച്ച് മക്കളും പടിച്ചു മിടുക്കരായി ലോകം മുഴുവന് കുടിയേറി.


ഇതില് രസകരമായ ഒരു കാര്യം എന്നാണെന്ന് ( "എന്താണെന്ന്" ഇത്തിരി പാലാ മലയാളം ഉപയോഗിച്ചോട്ടെ) വച്ചാല് ഈ കലാപരിപാടികള് കാണിച്ചവര് ഒരു നല്ല ശതമാനവും നസ്രാണികള്‍ ആയിരുന്നു. ഹൈറേഞ്ച് -ഇല്‍ കുറച്ചു കാട് വെട്ടി തെളിച്ചു കുരുമുളക് വച്ചില്ലെങ്കില്‍ ഉറക്കം വരാതിരുന്ന അല്ലെങ്കില്‍ മലബാറില്‍ കുറച്ചു കാപ്പിയോ അടക്കയോ കൃഷി ഇല്ലെങ്കില്‍ നമ്മുടെ പൂ. റോ. കാ. കൂ എന്നാ ലേബലിന് (ചിലര് ഒരു "അ" കൂടെ ചേര്‍ക്കും) കുറച്ചിലാണ് എന്നും വിചാരിച്ചിരുന്ന ജഗജില്ലികള്‍.. ഒരുകാലത്ത് മീനച്ചില്‍ ഉള്‍പ്പെടുന്ന വിശാലമായ ഈ ദേശം മുഴുവന് കൈവശം വച്ചിരുന്ന വിഭാഗങ്ങള് ഡെയിലി ഓണ സദ്യ, വെടിവട്ടം, മുറുക്കിത്തുപ്പ്, കഥകളി പിന്നെ അല്ലറ ചില്ലറ തരികിടകള് (ഏതു?) ഒക്കെ ആയി തറവാട് കുളം തൊണ്ടിയപ്പോള് നസ്രാണികള്‍ മുണ്ട് മുറുക്കിയുടുത്തു നന്നായി പണിയെടുത്തു. ഇത്തിരി തട്ടിപ്പും വെട്ടിപ്പും ഒക്കെ കാണിച്ചിട്ടുണ്ട് എന്നത് നിഷേധിക്കുന്നില്ല . ഇന്നാലും അവര് ഉണ്ടാക്കിയ നേട്ടങ്ങള് വച്ചുനോക്കിയാല് അവയൊക്കെ മറക്കാവുന്നതെയുള്ളൂ .


പാലാക്കാരന്‍ നസ്രാണി എന്നു പറഞ്ഞാല്‍ പാലാ കുരിശുപള്ളിയുടെ ചോട്ടില്‍ തന്നെ താമസിക്കുന്നവനായിരിക്കണം എന്നൊന്നുമില്ല. 'Greater പാലാ' എന്നു പറഞ്ഞാല്‍ (നമ്മുടെ 'വിശാല കൊച്ചി' പോലെ) ശരിക്കും മീനച്ചില്‍ താലൂക്ക് മുഴുവന്‍ വരും. അവിടെയെല്ലാം മാമ്മോദീസവെള്ളം തലയില്‍ വീണ റോമന്‍ കത്തോലിക്കര്‍ എല്ലാവരും ഈ സംബോധനക്ക് അര്‍ഹനാണ്.

'പാലാക്കാരന്‍ അച്ചായന്‍'! ഈ പ്രയോഗത്തെക്കുറിച്ച് എനിക്ക് ചില തര്‍ക്കങ്ങള്‍ ഉണ്ട്. പാലായില്‍ ആരും ആരെയും അച്ചായാ എന്ന് വിളിക്കുന്നത്‌ ഞാന്‍ കേട്ടിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഈ അച്ചായന്‍, അപ്പച്ചന്‍ എന്നൊക്കെയുള്ളത് പ്രധാനമായും തിരുവല്ലയില്‍ തുടങ്ങി കോഴഞ്ചേരി, പത്തനംതിട്ട, റാന്നി , കോന്നി വരെയുള്ള നസ്രാണി ബെല്‍റ്റില്‍ പ്രായത്തിനു മൂത്തവരെ ബഹുമാനപുരസ്കരം വിളിക്കുന്ന രീതികളാണ്. അതില്‍ പാലാക്കാരനു കാര്യമൊന്നുമില്ല. അതുകൊണ്ട് തന്നെ ഞാനും ആരെയും 'അച്ചായന്‍' എന്ന് വിളിക്കുകയോ സംബോധനക്കായി അങ്ങനെ ഉപയോഗിക്കുകയോ ചെയ്യുന്നതല്ല.

പാലായുടെ ചരിത്രം എന്നു പറയുന്നത് കേരളത്തിലെ ക്രിസ്ത്യാനികളുടെ വളര്ച്ചയുടെ ചരിത്രവുമായി ഒരുപാടു ബന്ധപ്പെട്ടു കിടക്കുന്നതാണ് . കേരളത്തിലെ മറ്റു ഏതു സ്ഥലത്തെ ക്രിസ്ത്യാനികളെ വച്ചു നോക്കിയാലും പാലാക്കാര് ക്രിസ്ത്യാനികള് ഒരു കൈ മുകളില് തന്നെ നില്ക്കും (അഹങ്കാരം പറയുകയാണ് എന്ന് തോന്നിയാല്‍ ഒന്ന് ക്ഷമീര്). പല നാട്ടുകാര്ക്കും അവരോട് ഇത്തിരി ബഹുമാനം കലര്ന്ന പേടി തന്നെ ഉണ്ട് എന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനു വേറെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം ഈ പാലാക്കാരന്‍ നസ്രാണിയെ പാലായുമായി ബന്ധമൊന്നുമില്ലാത്ത മറുനാട്ടുകാരന്‍ ആകെ കണ്ടിട്ടുള്ളത് പാലാക്കാര്‍ കഥാപാത്രങ്ങള്‍ ആയിവരുന ചില സിനിമകളിലൂടെയാണ്.

പലപ്പോഴും കോട്ടയം, പാല കഥ പറയുന്ന ചില സിനിമകള്‍ കണ്ടാല്‍ പെരുവിരല്‍ മുതല്‍ പെരുത്ത് കയറും. ഒരു വെള്ള സില്‍ക്ക് ജുബ്ബായും മുണ്ടും ഉടുത്തു കാലില്‍ ഒരു ഹാഫ് ഷൂ കൂടെ ഇട്ടു വര്‍ത്തമാനം പറയുമ്പോളൊക്കെ "കര്ത്താവേ" ഈശോയേ" എന്നൊക്കെ വിളിച്ചു നടക്കുന്ന ഒരു പുങ്ങന്‍.. അയാളുടെ പണി ഒന്നുകില് കള്ളുഷാപ്പ് അല്ലെങ്കില് ചാരായം വില്പ്പന അതുമല്ലെങ്കില് കഞ്ചാവു കൃഷി, വനത്തില് നിന്നും തടി വെട്ട് തുടങ്ങി തല്ലിപ്പൊളി കച്ചവടം മുഴുവന്‍..  പിന്നെ എങ്ങനെ ആളുകള് നല്ലത് വിചാരിക്കും. സത്യം പറയാമല്ലോ, ഞാന്‍ ഇന്നുവരെ കുടുംബത്തില്‍ പിറന്ന ഒരു പാലാക്കാരനെയും വെള്ള ജുബ്ബയും കാലില്‍ ഹാഫ് ഷൂവും ഇട്ടു കണ്ടിട്ടില്ല. അത് ഈ അലവലാതി സിനിമാക്കാര്‍  ഉണ്ടാക്കിവച്ച വെറും Stereotype, Cliché പിന്നല്ലാതെ...

പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ഇടയ്ക്കു അങ്ങനെ ഇരിക്കുമ്പോള്‍ നല്ല ഉശിരന്‍ കഥാപാത്രങ്ങളും ഈ സിനിമകളില്‍ വരാറുണ്ട് കേട്ടോ. ഉദാഹരണത്തിന് ലേലം എന്ന സിനിമയിലെ സോമന്‍ അനശ്വരമാക്കിയ "ആനക്കാട്ടില്‍ ഈപ്പച്ചന്‍" "'. ഇത്രയും ആണത്തമുള്ള ഒരു പാലാക്കാരന്‍ നസ്രാണി മലയാള സിനിമയില്‍ വേറെ ഉണ്ടായിട്ടില്ല. ഓര്‍മയില്ലേ "ജെര്‍മ്മനാ അല്ലെയോടാ ..." ഊഹുഹൂ ..ഓര്‍ക്കുമ്പോള്‍ തന്നെ തരിക്കുന്നു.

ഇനി സിനിമയിലെ കാര്യം മാത്രം പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എങ്കില്‍ ബൂലോഗത്തെ നാലുപേര്‍ അറിയുന്ന ആ നസ്രാണിയെ പറ്റി പറയാം. കണ്ണെത്താത്ത ദൂരത്തോളം നെല്‍വയലുകളും (അല്ല..തെറ്റി ..റബ്ബര്‍ തോട്ടങ്ങളും) പറമ്പിലെ കുളം നിറയെ ഘടാഘടിയന്‍മാരായ (എന്നതാണോ അത്!) മുതലക്കുഞ്ഞുങ്ങളും ഉള്ള കുപ്രസിദ്ധനായ ആ ലെജന്‍ഡ് കോടീശ്വരന്‍ തന്നെ.

പാലാക്കാരെക്കുറിച്ച്  ദുരാരോപണങ്ങള്‍ ഒരുപാടുണ്ട്. അതില്‍ ഒന്നാണ്  "പാലാക്കാര്‍ പിച്ചാത്തിക്കാര്‍" എന്നത്. (മലയാളികള്‍ കൊലയാളികള്‍ -എന്ന് കന്നടക്കാര്‍ ഒരു ഈണത്തിന് പറയുംപോലെ). പണ്ട് ആരെയെങ്കിലും കുത്തണം എന്ന് തീരുമാനിച്ചാല്‍ കുറിയിടുമായിരുന്നത്രേ. ആരാണ് കുത്തുക എന്ന് തീരുമാനിക്കാന്‍.  എല്ലാം വെറും വെറും കഥ മാത്രം (പിന്നേ .. ആളെ കുത്താന്‍ കുറിയിടുകയല്ലേ). ഏതോ വിദ്വാന്‍ ഇതൊന്നു പരിഷ്കരിച്ചു മറ്റൊരു രസകരമായ വിശേഷണം ആക്കി മാറ്റി. അത് ഇങ്ങനെ; പാലാ എന്നത് '4 P ' യുടെ നാടാണു പോലും . പച്ചക്കപ്പ, പന്നിയിറച്ചി, പനങ്കള്ള് പിന്നെ പിച്ചാത്തി! 

എന്തായാലും പറഞ്ഞുതുടങ്ങിപ്പോയില്ലേ, അല്‍പ്പം കത്തി കഥ കൂടെ കേട്ടോ. ഈ എളിയിലും മടിയിലും ഒക്കെ കൊണ്ടുനടന്നിരുന്ന പിച്ചാത്തി രണ്ടുതരം ഉണ്ട്. ഒന്ന് മടക്കുപിച്ചാത്തി. ഇന്നത്തെ സ്പ്രിംഗ് കത്തിയുടെ ഒരു ഓള്‍ഡ്‌ മോഡല്‍).))--. - അത് അടക്ക ചുരണ്ടാന്‍ മാത്രമേ കൊള്ളൂ. വേറെ ഒന്നുകൂടെ ഉണ്ട്. കടമാന്‍ കൊമ്പ് കൊണ്ട് പിടിയിട്ട ഒന്നര ചാണ് നീളമുള്ള നല്ല കൊലകൊമ്പന്‍ കത്തി. ഇങ്ങനെ പറഞ്ഞാല്‍ അറിയാത്തവര്‍ക്ക് വേണ്ടി മറ്റൊരു പേര് പറയാം. "മലപ്പുറം കത്തി". ഉപയോഗം ഒന്നേ ഉള്ളു . ശരിക്ക് പണി അറിയാവുന്നവന്‍ ചെറുതായിട്ട് ഒന്ന് പൂളിതന്നാല്‍ പോലും മുറിവ് ഒന്ന് കരിഞ്ഞുകിട്ടണമെങ്കില്‍ സമയം കുറച്ചു പിടിക്കും. ആദ്യത്തെ 3 P ഇപ്പോഴും മാറ്റമില്ലാതെ ഉണ്ടെങ്കിലും ഈ പിച്ചാത്തി ഇപ്പോള്‍ മിക്കവാറും വീടുകളിലെ ഷോ കേസ്-ഇല്‍ ആണ് ഇരുപ്പ്. പഴയ വീരകഥകള്‍ അയവിറക്കിക്കൊണ്ട്!

തിരിച്ചു വരാം മുന്‍പറഞ്ഞ സിനിമകളിലേക്ക്. ആളെ വടിയാക്കാന്‍ വേണ്ട ഐറ്റംസ് കുത്തിനിറച്ച ഈ സിനിമയൊക്കെ എടുക്കുന്നത് പാലാ എന്ന സ്ഥലം പടത്തില്‍ പോലും കണ്ടിട്ടില്ലാത്ത ചില പാര്‍ട്ടികളാണ്. പാലാക്കാരായ ജോഷി മാത്യു , ഭദ്രന്‍ ഇവര്‍ക്കൊന്നും ഇത്തരം കഥകള്‍ പറയാന്‍ ഒട്ടു താല്‍പ്പര്യവുമില്ല. പാലയിലെ പുതിയ തലമുറയില്‍ ആരും സിനിമ പിടിക്കാന്‍  നടക്കുന്നത് കണ്ടിട്ടുമില്ല. ഇനി സാഹിത്യകാരന്മാരുടെ കാര്യം പറഞ്ഞാല് ആകെ നാലു പേര് അറിയുന്നതായി ഇപ്പോള് ഉള്ളത് ഒരു സക്കറിയ മാത്രം. അങ്ങേര് ആണെങ്കില് താമസം തിരുവനന്തപുരത്താക്കിയതിനു ശേഷം പാലാക്കാരന്റെ തനികൊണം മുഴുവന് ചോര്‍ന്നുപോയി. ഉള്ളത് പറയാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ഇപ്പ്‌ഴും. അതുകൊണ്ടുതന്നെ മുമ്പ് പറഞ്ഞ തരത്തിലുള്ള സിനിമകളും കഥകളും ഇനിയും വന്നേക്കാം.

പിന്നെ മുന്‍പറഞ്ഞ ഉശിരന്മാരായ കാരണവന്മാരുടെ കാലവും ഏതാണ്ട് കഴിഞ്ഞു. ഈ റബ്ബര്‍ മരം പാലാക്കാരുടെ രീതികള്‍ തന്നെ മാറ്റിമറിച്ചു. മുന്‍പ് ചെയ്തിരുന്ന കൃഷികള്‍വച്ച് നോക്കിയാല്‍ അധ്വാനം കുറവ് ..വരുമാനം കൂടുതല്‍.  പിന്നെ പഠിക്കാന്‍ വിട്ട മക്കള്‍ക്കൊന്നും മണ്ണില്‍ പണിയാന്‍ താല്‍പ്പര്യവുമില്ല (അറിയില്ല എന്നത് വേറെ കാര്യം). അങ്ങനെ പുലികളുടെ ഒരു തലമുറ അന്യം നിന്ന് പോകാന്‍ വലിയ താമസം ഇല്ല. പിന്നെ ഈ റബ്ബര്‍ കൃഷി ഇനി എത്രകാലം ഇങ്ങനെ കൊണ്ടുപോകാന്‍ പറ്റും എന്നതും കണ്ടു തന്നെ അറിയണം. ഇപ്പോള്‍ തന്നെ റബ്ബര്‍ വെട്ടാന്‍ ആളെ കിട്ടാനില്ല. ഈ കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ കണ്ടത് ബംഗാളിയും ഒറീസ്സക്കാരനുമൊക്കെ അരക്ക് കൂടയും കെട്ടി കത്തിയും പിടിച്ചു വെട്ടാന്‍ പോകുന്നതാണ്. നാളെ അവര്‍ക്കും സ്വന്തം നാട്ടില്‍ പോയി മാനം മര്യാദക്കു ജീവിക്കാനുള്ള ചുറ്റുവട്ടം ഉണ്ടായാല്‍ പാലാക്കാര്‍ വിവരമറിയും.

ഇങ്ങനെയൊക്കെ ആണെങ്കിലും അടിസ്ഥാനപരമായി പാലാക്കാരന്റെ സ്വഭാവത്തില്‍ ചില സമാനതകളില്ലാത്ത ഭാഗങ്ങള്‍ ഉണ്ട്. അവയാണ് ഇനി അങ്ങോട്ട്‌. ഒരു കാര്യം കൂടെ. നിങ്ങള്ക്ക് ഇതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം . അതിനുള്ള നിങ്ങളുടെ അവകാശത്തെ ഒരു തികഞ്ഞ ജനാധിപത്യവിശ്വാസി എന്ന നിലയില്‍ പൂര്‍ണമായും ഞാന്‍ അംഗീകരിക്കുന്നു. അപവാദങ്ങള്‍ കാണുമല്ലോ എല്ലാത്തിനും. നാടിന്‍റെ പേര് കളയാന്‍ ഇറങ്ങിയിരിക്കുന്ന പരട്ടകള്‍ എല്ലായിടത്തും കാണും. പാലായിലും ഉണ്ട്. പക്ഷെ അവരെ വച്ച് മൊത്തം പാലാക്കാര്‍ക്കും വില പറയരുത്. ഇനി വിമര്‍ശനം ആണെങ്കില്‍ എന്നതാണെങ്കിലും അതു വസ്തുനിഷ്ഠമായി പറയണം. അല്ലാതെ നമ്മുടെ അഴീക്കോട്‌ സാര്‍ ഈ അടുത്തകാലത്തായി തട്ടിവിടുന്നതുപോലെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയില്‍ ഉള്ള വിമര്‍ശനം ആണ് എങ്കില്‍ ഉണ്ടല്ലോ ....കളി മാറും. പറഞ്ഞില്ല എന്ന് വേണ്ട .

അപ്പോള്‍ അസ്സല്‍ പാലാക്കാരന്‍ നസ്രാണി എന്ന് പറഞ്ഞാല്‍ താഴെപറയുന്ന നൂറില്‍ നൂറും ചേര്‍ന്ന് വരണം.


-കാര്യം മുഖത്തുനോക്കി പറയുന്ന സ്വഭാവം. അതിനി ഏതു അപ്പനായാലും പൊന്നു തമ്പുരാനായിരുന്നാലും കൊള്ളാം. പറയാനുള്ളത് പറയാതെ പോകുന്ന സ്വഭാവം പാലാക്കാരനില്ല.

-വാക്ക് പറഞ്ഞാല്‍ അത് പറഞ്ഞതുതന്നെ. വാക്കല്ലേ മാറ്റാന്‍ പറ്റൂ, കയ്യും കാലും മാറ്റാന്‍ പറ്റുമോ എന്നൊക്കെ പറയുന്ന ദേശക്കാര്‍ കാണും. പക്ഷെ ആ കൂട്ടത്തില്‍ പാലാക്കാരനെ പെടുത്തരുത്. പാലാക്കരോട് വാക്ക് പറഞ്ഞിട്ട് പിന്നെ ചാക്ക് എന്ന് പറയാനും നില്‍ക്കരുത്. പിന്നെ വര്‍ത്തമാനം പറയുമ്പോള്‍ കൊഞ്ഞ വരും.

-എന്ത് പൊന്നുംകുടം തരാമെന്നു പറഞ്ഞാലും സത്യവും നീതിയും വിട്ടൊരു കളിക്ക് ഒരുമാതിരി ഒരു പാലാക്കാരന്‍ നസ്രാണിയെയും കിട്ടില്ല. കുറേകൂടെ കൃത്യമായി പറഞ്ഞാല്‍ കര്‍ത്താവിനു നിരക്കാത്ത പണിക്കു അവരെ വിട്ടുപിടിക്കുന്നതാണ് നല്ലത്.

-കത്തോലിക്കസഭയോടും പുരോഹിതന്‍മാരോടും ബഹുമാനത്തിനു കുറവൊന്നുമില്ല എങ്കിലും പൊതുവേ പാലാക്കാരുടെ ഒരു പ്രമാണം തന്നെ പള്ളിയോടും പട്ടക്കാരോടും അടുക്കാനും ഉടക്കാനും നില്‍ക്കരുത് എന്നാണ്. അനുഭവം ഗുരു എന്നാണല്ലോ. ചില ഒടക്ക്‌ അച്ചന്‍മാരുണ്ട്.  ഇന്നാല്‍ പോലും അവര്‍ നമ്മളുടെ പാപം മോചിക്കാനും നമുക്ക് വേണ്ടി കുര്‍ബ്ബാന ചൊല്ലാനും ഒക്കെ ആയി വീടും കുടുംബവും ഒക്കെ വേണ്ടന്ന് വച്ച് പോന്നവരല്ലേ , പോട്ടെ എന്ന് വിചാരിക്കാനുള്ള ഒരു നല്ല മനസ്സ് പാലാക്കാര്‍ക്ക് എന്നുമുണ്ട്‌. (((
(സത്യം പറയാമല്ലോ..ഈ സ്ഥിതി വലിയ പഴക്കം ചെല്ലാതെ മാറും. അതിനുള്ള പരിപാടികള്‍ ആവശ്യത്തിനു ഇറക്കുന്നുണ്ട് പല വഴിക്ക്. കല്ലറങ്ങാട്ട് പിതാവിന് നല്ല ബുദ്ധി തോന്നട്ടെ എന്ന് മാത്രം പറഞ്ഞു നിര്‍ത്താം).  

-ക്രിസ്തുമസിനും ഇടവകപള്ളിയിലെ പെരുന്നാള്‍ ദിവസവും നാട്ടില്‍ പോകാന്‍ പറ്റാത്ത അത്രയും വിഷമം പാലാക്കാര്‍ പ്രവാസികള്‍ക്ക് സ്വന്തം ജോലി പോകുന്ന കാര്യത്തില്‍ പോലും കാണില്ല (ഉം ..അതുവ്വ ). പിന്നെ ഈ പ്രവാസി എന്നതുകൊണ്ട്‌ ഉദേശിച്ചത്‌ യു. എസ്‌., യു കെ., പിന്നെ ഗള്‍ഫന്‍- മാരെ മാത്രമല്ല. അതില്‍ എറണാകുളത്ത് വാടകവീട്ടില്‍ കിടന്നു ജോലിക്ക് പോകുന്നവന്‍ വരെ പെടും.

-ഒരുമാതിരി തട്ടിപ്പും വെട്ടിപ്പും കാലേ കൂട്ടി കാണാനും വേണ്ടത് ചെയ്യാനുമുള്ള അസാമാന്യ കഴിവ്. കേരളത്തിന്‍റെ ഒരു പൊതു സ്വഭാവം വച്ചുനോക്കിയാല്‍ തെക്കോട്ട്‌ പോകുംതോറും ഉടായിപ്പ് ഇറക്കി ജീവിക്കുന്നവരുടെ എണ്ണം കൂടുതലാണ്. അവരോടു ചോദിച്ചാല്‍ പറയും " തള്ളേ..ഈ പാലാ അച്ചായന്മാര്‍ ഭയങ്കരന്മാരാണ് കേട്ടോ" . വേറൊന്നുമല്ല കാര്യം. അവന്‍ വേല ഇറക്കാന്‍ ആലോചിക്കുമ്പോഴേ പാലാക്കാരന്‌ കാര്യം പിടികിട്ടും. "വിളച്ചില്‍ ഇറക്കല്ലേ പൊന്നു (ശരിക്കും പറയാന്‍ വന്നത് ഇതല്ല) മോനെ " എന്ന് സ്നേഹത്തോടെ ഓര്‍മിപ്പിക്കുകയും ചെയ്യും. 

- സോപ്പിടല്‍, പാരവെപ്പ് തുടങ്ങിയ കലാപരിപാടികള്‍ നടത്തി വിജയിപ്പിക്കാന്‍ ഈ നാട്ടുകാര്‍ക്ക് പൊതുവേ അത്ര മിടുക്ക് പോര. അങ്ങനെ കിട്ടുന്ന നേട്ടങ്ങള്‍ നമ്മളെക്കാള്‍ വലിയ പാരവെപ്പുകാരന്‍ വരുന്നത് വരെ ഉള്ളു എന്ന തിരിച്ചറിവായിരിക്കും കാരണം. എന്തായാലും ഏതെങ്കിലും പാരയില്‍ തട്ടി അടിപ്ലാങ്ക് തെറിക്കാനുള്ള സാധ്യത മുന്‍പില്‍ കണ്ടു പാലാക്കാര്‍ ഈ കാര്യത്തില്‍ ഇത്തിരി പരിശീലനം നേടുന്നത് നന്നായിരിക്കും എന്നാണ് എന്‍റെയും വിനീതമായ അഭിപ്രായം.

-വീട്ടില്‍ പെണ്‍ഭരണം പാലാക്കാരുടെ കീഴ്വഴക്കമല്ല. അതിപ്പോള്‍ നാട്ടില്‍ തന്നെ ഉള്ള കാരണവന്‍മാര്‍ ആയിക്കോട്ടെ ബാംഗ്ലൂര്‍, ദുബായ്, ഹോങ്ങ്കോങ്ങ്, അറ്റ്ലാന്റ തുടങ്ങി എവിടെ താമസിക്കുന്ന അള്‍ട്രാ മോഡേണ്‍ പയ്യന്മാര്‍ ആയിക്കോട്ടെ ഈ കാര്യത്തില്‍ ഏതാണ്ട് ഒരുപോലെയാണ്. സ്ത്രീ പുരുഷ സമത്വം ഒക്കെ പറയുമെങ്കിലും അത്രക്കങ്ങു പിടുത്തം പോര അതിനോട്. വഴിയില്‍ നിന്ന് ഞെളിയുകയും വിരിഞ്ഞു കുത്തുകയും പക്ഷെ വീടിന്‍റെ ഗേറ്റ് കടന്നാല്‍ നാക്ക്‌ തന്നെ അപ്പാടെ വിഴുങ്ങിക്കളയുകയും ചെയ്യുന്നവര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത പ്രിവിലേജ് ആണ് പാലാക്കാര്‍ നസ്രാണികള്‍ ഈ കാര്യത്തില്‍ അനുഭവിക്കുന്നത്. "കൂടെവിടെ" സിനിമയിലെ മമ്മൂട്ടിയുടെ വിശ്വ പ്രസിദ്ധമായ ആ ഡയലോഗ് ഓര്‍മയില്ലേ. അതില്‍ പാലാ എന്നത് കാഞ്ഞിരപ്പള്ളി ആക്കി മാറ്റിയെന്നെ ഉള്ളു. ഒരു പഞ്ച്-നു വേണ്ടി. 

-ആഘോഷം എന്തെങ്കിലും ഉണ്ടെങ്കില്‍ (എന്ന് നിര്‍ബന്ധമൊന്നുമില്ല ..മരിച്ചടക്ക്‌ ആണെങ്കിലും മതി) രണ്ടെണ്ണം അടിക്കാതെ നല്ല നസ്രാണികളെ കാണാന്‍ കിട്ടില്ല പാലായില്‍.. കണക്കില്ലാതെ കഴിക്കും എന്ന രീതി ഒരു നല്ലകാര്യമല്ല എങ്കിലും മദ്യത്തിന്‍റെ ഒരു പൊതു സ്വീകാര്യത പാലായില്‍ വളരെ കൂടുതലാണ്. എന്നുവച്ചാല്‍ മദ്യം കഴിക്കും എന്നതുകൊണ്ട്‌ നിങ്ങള്‍ മറ്റു പല സ്ഥലങ്ങളിലെയും പോലെ മോശക്കാരനാകുന്നില്ല എന്ന് ചുരുക്കം (കുറഞ്ഞത്‌ വാളുവക്കുകയും വഴിയില്‍ കിടന്നു വഴക്കുണ്ടാക്കുകയും ചെയ്യുന്നത് വരെ എങ്കിലും) . ഇനി ജനിച്ചു അന്നേവരെ മദ്യം രുചിപോലും നോക്കാത്തവന്‍ നല്ല ഒന്നാന്തരം എണ്ണം പറഞ്ഞ കുടിയന്‍ ആയി മാറണമെങ്കില്‍ ഒരു ഉഗ്രന്‍ പണി പറഞ്ഞുതരാം. രണ്ടോ മൂന്നോ ആങ്ങളമാരുള്ള ഒരു പാലാക്കാരിയെ അങ്ങ് കെട്ടിക്കോ. അളിയന്മാര്‍ ഒറ്റ ആഴ്ച കൊണ്ട് ശരിയാക്കിത്തരും.

-"പകലരുത്, പലരരുത്, പറയരുത്"- മനസിലായില്ല അല്ലെ? പാലായില്‍ അല്പം കഴിക്കുന്നവരുടെ ഒരു പോളിസി ആണ് ഇത്. പകല്‍ പറ്റുമെങ്കില്‍ കഴിക്കരുത്. ഒരു ദിവസം വെറുതെ പോയിക്കിട്ടും . സ്ഥിരമായി പലര്‍ കൂടി കഴിച്ചാല്‍ ഒരുപാടു കഴിക്കും. അതുകൊണ്ട് പറ്റുമെങ്കില്‍ അത് ഒഴിവാക്കുക . അവസാനമായി ഒരിക്കലും മറ്റൊരാള്‍ കഴിക്കുന്നത്‌ കണ്ടു എന്നോ അല്ലെങ്കില്‍ മറ്റൊരാള്‍ അടിച്ചിട്ട് പറയുന്നതോ പുറത്തു പറഞ്ഞു നടക്കരുത്.

-മദ്യം കഴിക്കില്ല എന്ന് പറയുന്നവനെ പാലാക്കാര്‍ നസ്രാണികള്‍ക്ക് ഒട്ടും വിശ്വാസം പോര. അങ്ങനെ ഉള്ളവര്‍ കള്ളന്‍മാരാണെന്നും അവരെ ഒരിക്കലും കൂട്ടത്തില്‍ കൂട്ടരുത് എന്നും അലിഖിത പ്രമാണം. (അതില്‍ കാര്യമില്ലാതെ ഇല്ല. കാരണം തലയ്ക്കു ഇത്തിരി പിടിക്കുമ്പോള്‍ ചിലരുടെ നാക്കിന്മേലുള്ള കണ്ട്രോള്‍ ചിലപ്പോള്‍ പോകും. ചില രഹസ്യങ്ങള്‍ ഒക്കെ വെളിയില്‍ വരും. അടിക്കാത്തവന്‍ ഉണ്ടെങ്കില്‍ അവന്‍ അതൊക്കെ ഓര്‍ത്തിരിക്കും. അത് നാട്ടിലെല്ലാം വിളമ്പുകയും ചെയ്യും).

ഇത്രയും വായിച്ചപ്പോള്‍ "അയ്യോടാ ..ഇങ്ങനെ ഒക്കെ ആണോ കാര്യങ്ങള്‍. അങ്ങനെ ആണെങ്കില്‍ ഇതൊക്കെ ഒന്ന് നേരിട്ട് അറിയണമല്ലോ " എന്ന് വല്ല നാട്ടിലും ജനിച്ചു വളര്‍ന്നു പഠിച്ചു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം സ്വന്തം അപ്പന്‍ ജനിച്ചു എന്ന് പറയുന്ന നാടുകാണാന്‍ ചെല്ലുന്ന ഏതെങ്കിലും പുതുതലമുറ പാലാക്കാരന് തോന്നിയാല്‍ തീര്‍ച്ചയായും അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പോള്‍ സ്വന്തം വീട്ടിലെ കാരണവന്മാരെയോ അവര്‍ സ്വര്‍ഗത്തിലേക്ക് കുടിയേറി എങ്കില്‍ നാട്ടിലുള്ള മറ്റു കാരണവന്മാരെയോ സമീപിക്കാവുന്നതാണ്. കൊച്ചി ഡ്യൂട്ടി ഫ്രീ-ഇല്‍ നിന്ന് "ഈച്ചക്കൂട്" (ബീഹൈവ് നെപ്പോളിയന്‍..; മലയാളത്തില്‍ ഇങ്ങനെ അല്ലാതെ പിന്നെ എന്നതാ പറയുന്നത്) ഒരു ലിറ്റര്‍ കൂടെ വാങ്ങിച്ചോണം. അവരുടെ ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ . കഥ പറയാന്‍ ഒരു രസം വേണ്ടേ..

വാല്‍ക്കഷണം
പാലാക്കാരന്‍ നസ്രാണിയുടെ ചില പ്രത്യേക ഇഷ്ടങ്ങള്‍
ഇഷ്ട വേഷം : നല്ല കനത്തില്‍ പശമുക്കിയ ഷര്‍ട്ടും മുണ്ടും. ഷര്‍ട്ട്‌ ആളില്ലാതെ കുത്തിനിര്‍ത്തിയാല്‍ നേരെ നില്‍ക്കണം. മുണ്ട് മടക്കി കുത്താന്‍ നോക്കിയാല്‍ കാര്‍ഡ്ബോര്‍ഡ് പോലെ ഒടിയണം . ഇതാണ് പശയുടെ കണക്ക്.
ഇഷ്ട ഭക്ഷണം : നല്ല പച്ചക്കപ്പ (ഉണങ്ങിയ കപ്പ ആയാലും വിരോധമില്ല)-കുടം പുളി ഇട്ടു വറ്റിച്ചു വച്ച മീന്‍ കറി അല്ലെകില്‍ പോത്തിറച്ചി/പന്നിയിറച്ചി പിരളന്‍ ആയി വച്ചത്
ഇഷ്ട വാഹനം : മഹീന്ദ്ര & മഹീന്ദ്ര മേജര്‍ ഡീസല്‍ ജീപ്പ് (ഇതിന്‍റെ ആവശ്യം ഇപ്പോള്‍ അത്രയ്ക്ക് ഇല്ല പാലായില്‍ . അതുകൊണ്ട് ഇപ്പോള്‍ ഇവന് അത്ര പിടുത്തം പോര)
ഇഷ്ട മദ്യം : ബ്രാണ്ടി (കളറുള്ള ഏതു മദ്യത്തെയും ബ്രാണ്ടി എന്ന് വിളിക്കുന്നവര്‍ ഇപ്പോഴുമുണ്ടേ).

സമര്‍പ്പണം: ബൂലോകത്തെ  ഗുരുക്കന്മാര്‍ക്കും പിന്നെ യഥാര്‍ത്ഥ ലോകത്തെ മണ്മറഞ്ഞുപോയവരോ ഇന്നും ജീവിച്ചിരിക്കുന്നവരോ ആയ , മേല്‍പ്പറഞ്ഞ വിശേഷണങ്ങള്‍ നൂറില്‍ നൂറും തികഞ്ഞ കാരണവന്മാര്‍ക്കും.