

ഓണം...മലയാളികള് (പ്രത്യേകിച്ച് പ്രവാസികള്‍ ആയ മലയാളികള് ) എല്ലാവരും ഓര്‍മ്മകളിലൂടെ ഒരു നിമിഷത്തേക്കെങ്കിലും നാട്ടിലേക്ക് തിരികെപോകനാഗ്രഹിക്കുന്ന ദിവസം. എന്നോ നഷ്ടപ്പെട്ടു പോയി എന്നു നാം കരുതുന്ന ഒരു നല്ല കാലം. അതിന്റെ ഓര്‍മകള്. എല്ലാം വെറും കഥ മാത്രമായിരിക്കാം. ഇന്നാലും ഓണം എന്നു ഓര്‍ക്കുമ്പോള് തന്നെ ഒരു സന്തോഷം. സത്യമായിട്ടും അതു വാക്കുകള്‍ കൊണ്ടു പറഞ്ഞറിയിക്കാന്‍ വയ്യ. അനുഭവിച്ചറിയുകതന്നെ വേണം. അതു അറിയണമെകില് കിഴക്ക് സഹ്യസാനുക്കളും പടിഞ്ഞാറ് അറബിക്കടലും അതിരിട്ട ആ മലയാള നാട്ടില് ജനിക്കണം. അവിടുത്തെ കാറ്റേറ്റ് വളരണം.. അതിനു ഭാഗ്യം കിട്ടാത്ത, എന്നാല് മലയാളികളായ ഒരുപാടു പേരെ, പ്രത്യേകിച്ച് ചെറുപ്രായക്കാരായ ഒരുപാടു പേരെ ഈ പ്രവാസ ജീവിതത്തില് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെയുള്ളവരെ തിരിച്ചറിയാന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട. അവരുടെ മുന്‍പില് വച്ചു ഇത്തിരി നാട്ടുവിശേഷം പറയുക. എന്നിട്ടു ചുറ്റും നില്‍ക്കുന്നവരുടെ കണ്ണിലേക്കു നോക്കുക. എവിടെയേല്ലാം ഒരു തിളക്കമോ അല്ലെങ്കില് കണ്ണിന്റെ കോണില് ഒരു നനവോ കണ്ടാല് ഉറപ്പിക്കാം...ആശാന് നാട്ടില് കിടന്നു നന്നായി പയറ്റിത്തെളിഞ്ഞിട്ടാണ് (അല്ലെങ്കില് പയറ്റി പൊളിഞ്ഞു പാളീസായിട്ടാണ്) അറബിക്കടലും ചാടിക്കടന്നു ഇങ്ങോട്ട് പോന്നത്. ഇനി ഒരു ഭാവാവ്യത്യാസവും ഇല്ലാതെ, ഇവന് എന്തു കോപ്പെന്നാണ് ഈ പറയുന്നത് എന്ന ഭാവത്തില് നില്‍ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില് ഉറപ്പിച്ചോ; ആണായാലും പെണ്ണായാലും പേരില് മാത്രം മലയാളിയായിട്ടുള്ള ജന്മങ്ങള് ആണ് അതൊക്കെ. അവരോട് ഓണം, ഓര്‍മ്മ എന്നൊക്കെ പറഞ്ഞു വെറുതെ സമയം പഴാക്കേണ്ട. വിട്ടേക്കുക.
ഇനി നാട്ടില്‍ തന്നെ ജനിച്ചു വളര്‍ന്നു എന്നത് മാത്രം പോര. അത്യാവശ്യം കുറച്ചു തരികിടകള്‍ കൂടെ കാണിച്ചു വളരണം. അതിനൊക്കെ കൂട്ടിനു തരപ്പടിക്കാരായ കുറെ എണ്ണവും കൂടെ വേണം.എങ്കിലേ വല്ല നാട്ടിലും ചെന്ന് കിടക്കുമ്പോള്‍ ഓര്‍ക്കാന്‍ എന്തെങ്കിലും കാണൂ. നാട്ടിലേക്കു വല്ലപ്പോഴും ഒക്കെ ഒന്ന് പോകണം എന്ന തോന്നലും ഉണ്ടാകൂ. പലരും ഉണ്ട്..സ്വന്തം നാട്ടില്‍ സുഹൃത്തുക്കള്‍ ഇല്ലാത്തവര്‍. വീട്ടില്‍ ചെന്നാല്‍ മുറിയില്‍ തന്നെ ഇരിക്കും. ചോദിച്ചാല്‍ ഇവിടെ നമുക്ക് പറ്റിയ ആരും ഇല്ല എന്നൊക്കെ പറയും. കൂടുകാര്‍ ഇല്ലാത്തതിന് ഓരോ ന്യായം. എന്‍റെ ഒരു കണക്കു വച്ച് മൂന്നു സുഹൃത്തുക്കളില്‍ ഒരാളെങ്കിലും സ്വന്തം നാട്ടുകാരന്‍ എന്നതാവണം ഒരു കണക്ക്.
ഇന്നും വൈകിട്ട് ഏഴു മണി കഴിഞ്ഞാല്‍ വീടിനു വെളിയില്‍ ഇറങ്ങാത്ത പാര്‍ട്ടികള്‍ ഉണ്ടത്രേ. ഈ കാര്യത്തില്‍ എനിക്ക് എന്നോട് തന്നെ ഇതിരി ബഹുമാനം ഇല്ലാതില്ല. അത്യാവശ്യം പ്രായപൂര്‍ത്തി ആയപ്പോള്‍ നമ്മള്‍ കൂട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് തുടങ്ങിയ, രാത്രി 7 മണിക്ക് ശേഷം മാത്രം തുറക്കുന്ന യൂണിയന്‍ ക്ലബ്- ലേക്ക് ടോര്‍ച്ചോ മെഴുകുതിരിയോ ഇല്ലാതെ നടന്നു പോകുന്നതും പിന്നെ രാത്രി 10 മണിക്ക് ക്ലബ് അടച്ചു ആകാശത്ത് നോക്കി തിരിച്ചു നടക്കുന്നതും. റബ്ബര്‍ തോട്ടങ്ങള്‍ക്കിടയിലൂടെ ഉള്ള റോഡില്‍ നടക്കുമ്പോള്‍ കയ്യില്‍ വെളിച്ചം ഒന്നും ഇല്ലെങ്കില്‍ അടുത്ത മാര്‍ഗം മേളിലോട്ട് നോക്കി നടക്കുക എന്നതായിരുന്നു. റോഡിനിരുവശത്തും നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ആകാശം കാണാവുന്ന ഒരു വിടവ് കാണും. അത് ലൈന്‍ പിടിച്ചു നടന്നാല്‍ ഓട്ടോമാടിക് ആയി നമ്മള്‍ നടക്കുക റോഡിന്‍റെ ഒത്ത നടുവിലൂടെ ആകും. നടക്കുമ്പോള്‍ അമര്‍ത്തി ചവിട്ടി നടക്കണം അത്രേ. അല്ലാതെ പമ്മി പതുങ്ങി നടന്നാല്‍ നമ്മുടെ കാലക്കേടിന് രാത്രിയല്ലേ..ഇത്തിരി കാറ്റും തണുപ്പും കൊണ്ടുകളയാം എന്ന് വിചാരിച്ചു ചിലപ്പോള്‍ റോഡില്‍ കയറിക്കിടക്കുന്ന കോബ്ര പയ്യന്‍സ് ചെറിയ പണി തന്നു വിടും. നവംബര്‍ മാസം കഴിഞ്ഞാല്‍ എവിടെയോ പൂത്തു നില്‍ക്കുന്ന പാലപ്പൂവിന്റെ ഗന്ധം കൂടെ ഉണ്ടാവും കൂട്ടിനു. അങ്ങനെ ആയിരക്കണക്കിനു മിന്നാമിനുങ്ങുകളും പിന്നെ എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങളും പിന്നെ ചിലപ്പോള്‍ പകല്‍ പോലെ നിലാവും നിറഞ്ഞ ആ ആകാശക്കാഴ്ചകള്‍. മനസ്സില്‍ നിന്നും പോകില്ലല്ലോ അതൊന്നും ഒരിക്കലും. ഇന്നും നാട്ടില്‍ പോയാല്‍ ചിലപ്പോഴൊക്കെ നടന്നു പോകാറുണ്ട് ആ വഴിക്ക്. ബാക്കി എല്ലാം അതുപോലെ തന്നെ ഉണ്ട് എങ്കിലും മിന്നാമിനുങ്ങുകള്‍ പണ്ടത്തെ പോലെ ഇല്ല. എവിടെ പോയി ആവൊ എല്ലാം.
സ്വന്തം നാട്ട്ലുള്ള സുഹൃത്തുക്കള്‍ ഒരു വലിയ അനുഗ്രഹം ആണ്. പൊതുവേ നാട്ടുകാരായ സുഹൃത്തുക്കളുടെ ഒരു വലിയ ഗുണം അവര്‍ മിക്കവാറും നമ്മുടെ അതെ പശ്ചാത്തലത്തില്‍ നിന്നുള്ളവരായിരിക്കും എന്നതാണ്. തരത്തില്‍ പെടാത്തവരുടെ കൂടെ നാട്ടില്‍ നടക്കാന്‍ പറ്റില്ലല്ലോ. നിക്കറും ഇട്ടു റബര്‍ പന്തും കളിച്ചു സൈക്കിളും ഉന്തി നടന്ന കാലം മുതല്‍ നമ്മളെ നമ്മളായി അറിയുന്നവര്‍. അതുകൊണ്ടുതന്നെ നമുക്ക് അവരെയും അവര്‍ക്ക് നമ്മളെയും മനസിലാക്കാന്‍ വലിയ പ്രയാസമുണ്ടാകില്ല. നാട്ടില്‍ എത്തിയാല്‍ നല്ല പ്രവാസികള്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഒരു പ്രധാന ഐറ്റം എല്ലാവരുടെയും കൂടെ ഒരു 'കമ്പനി' കൂടുക എന്നതല്ലേ? ഇവരൊന്നുമില്ലാതെ നമുക്കെന്ത് ആഘോഷം?
ഇനി മക്കളെ ഒക്കെ അയല്‍വക്കത്തെ മുന്‍പറഞ്ഞ ജാതി അലമ്പന്മാരുമായി "കൂട്ടുകൂടി നശിക്കാന്‍" സമ്മതിക്കാതെ, വീടിനു പുറത്തു വിടാതെ പക്കാ പഠിപ്പിസ്റ്റുകള്‍ ആക്കി മാറ്റി അവരുടെ ഫോട്ടോ പത്രത്തില്‍ റാങ്കു ജേതാക്കളുടെ കൂടെ വരുന്നത് സ്വപ്നം കണ്ടു നടക്കുന്ന അച്ഛന്‍അമ്മമാരുണ്ട്. ഈ പൊത്തിപ്പിടിച്ചു വളര്‍ത്തിയ മക്കള്‍ പറക്കമുറ്റുംപോള്‍ പോയ വഴി പോകും. പിന്നെ അപ്പനും വേണ്ട അമ്മയും വേണ്ട ..സ്വന്തം നാടാണെങ്കില്‍ വേണ്ടേ വേണ്ട. അവനു ഓര്‍ക്കാന്‍ ഒന്നുമില്ല അവിടെ. ആ സമയത്തെല്ലാം പുസ്തകത്തില്‍ ആയിരുന്നല്ലോ. ഇനി വല്ലപ്പോഴും ഒന്ന് വീട്ടില്‍ വന്നാല്‍ തന്നെ മുറിക്കകത്ത് കുത്തിപ്പിടിചിരിക്കും. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ "ബോറടിക്കുന്നു" എന്ന് പറഞ്ഞു തിരിച്ചു പോകും. പിന്നെ പിന്നെ വരവും കുറയും. അതുകൊണ്ട് വയസുകാലത്ത് മക്കളെ ഒക്കെ അടുത്ത് കാണണം എന്ന തോന്നലുള്ള അപ്പനമ്മമാര്‍ ഇപ്പഴേ വേണ്ടത് ചെയ്തോണം. അല്ലെങ്കില്‍ പിന്നെ കരച്ചിലും പല്ലുകടിയും നെഞ്ചത്തടിയും മെഴുകുതിരി കത്തിക്കലും ആയി നടക്കേണ്ടി വരും. കണ്ണീര്‍ കുറെ ഒഴുകും, തിരി കുറെ കത്തി തീരും എന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവും അന്ന് കിട്ടുകേല.
ഈ മലയാളി ലോകത്ത് എവിടെ പോയാലും മറക്കാതെ കൂടെ കൊണ്ടുപോകുന്ന രണ്ടു കാര്യങ്ങള് ഏതാണു? -ചോദ്യത്തിനു കടപ്പാട് സുഹൃത്ത് അരുണ്‍)) - - - ഒന്ന് ദാസേട്ടന്‍ പാടിയ മലയാളം പാട്ടുകള്. രണ്ടാമത്തേത്? വേറൊന്നുമല്ല നമ്മുടെ ഓണം തന്നെ. മലയാളി എവിടെ ഉണ്ടോ അവിടെ ഓണവും ഉണ്ട്. ഓണം എന്ന് കേള്‍ക്കുമ്പോള്‍ നാട്ടിലില്ലാത്ത മലയാളിക്കാണ് ആവേശം കൂടുതല്‍. എനിക്ക് തോന്നുന്നത് കേരളം വിട്ടുപോകുമ്പോള്‍ ആണ് മലയാളി ശരിക്കും മലയാളി ആകുന്നത് എന്നാണ്. നാട്ടില്‍ നില്‍ക്കുമ്പോള്‍ എല്ലാത്തിനോടും പുച്ഛം. നാടുവിട്ടാല്‍ നാഴികക്ക് നാല്‍പ്പതുവട്ടം നാട്ടുകാര്യം. എന്താണ് മനസിലിരുപ്പ് എന്ന് ഒരു തരത്തിലും പ്രവചിക്കാന്‍ പറ്റാത്ത സാധനമാണ് മലയാളി. ചിലപ്പോള്‍ ഈ X-men എന്നൊക്കെ പറയുന്നത് മലയാളികളെ കൂടെ കണ്ടിട്ടായിരിക്കും അല്ലെ?
എന്തായാലും എന്റെ പ്രയത്തിലുള്ള ഒരാള്‍ക്ക് ഓര്‍മകളിലെ ഓണം എന്നു പറയുന്നതും ഇപ്പോള് കാണുന്ന ഓണവും തമ്മില് വലിയ വ്യത്യാസം ഒന്നും തോന്നാന് വഴിയില്ല. ഒരുപക്ഷേ ഈ നസ്രാണികള്‍ കൂടുതല് ഉള്ള മീനച്ചില് താലൂക്കില് പെട്ട എന്റെ ഗ്രാമത്തില് അങ്ങനെ ഓര്‍ത്തുവക്കാന് മാത്രം ഉള്ള, നമ്മുടെ ആ സങ്കല്‍പ്പത്തിലെ മാതൃകാ ഓണക്കാലം പോലെ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണു സത്യം. ഇന്നാലും ഓര്‍മകളുണ്ട് എനിക്കും. ഇന്നും ഓര്‍ക്കാന്; ഓര്‍ക്കുമ്പോള് കണ്ണ് നിറയാന്. കാരണം അന്ന് ഓണപായസതിന്റെ കൂടെ അതിലേറെ മധുരമുള്ള സ്നേഹം കൂടി വിളമ്പിതന്നവര്; അവരില് പലരും നക്ഷത്രങ്ങളുടെ ലോകത്തേക്ക് പോയതും ഓര്‍മകള് ബാക്കി വച്ചു തന്നെയാണ്.
എന്‍റെ ഓണത്തെക്കുറിച്ചുള്ള ഓര്‍മകളെല്ലാം അവസാനം എത്തിച്ചേരുന്ന ഒരു ഇടം ഉണ്ട്. വലിയച്ഛന്റെ വീട്. എന്നുവച്ചാല് എന്റെ വീടിനടുത്തുള്ള നായര് തറവാട്. അവിടുത്തെ കാരണവരേ ഞാന് ഓര്‍മചവച്ച കാലം മുതല്‍ക്കേ അങ്ങനെയാണ് വിളിച്ചിരുന്നത്. അത് വെറുതെ അങ്ങനെ വിളിക്കുന്നതായിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം എന്‍റെ മനസ്സില്‍.അങ്ങനെ മാത്രമേ അദേഹത്തെ വിളിക്കാവൂ എന്നാണ് എന്നെ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ എന്നോട് പറഞ്ഞുതന്നിരുന്നതും. ഗ്രാമങ്ങളില്‍ എപ്പഴും അടുത്ത് താമസിക്കുന്നവര്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നില്ലേ പണ്ടൊക്കെ? വീട്ടില്‍ ഒരു വാഴക്കുല പഴുത്താല്‍, അല്ലെങ്കില്‍ എന്തെങ്കിലും പ്രത്യേകിച്ച് ഉണ്ടാക്കിയാല്‍ അതില്‍ ഒരു ഭാഗം ഏറ്റവും അടുത്ത അയല്‍വക്കത്ത് കൂടെ കൊടുക്കുന്ന പതിവ് വളരെ സാധാരണമായിരുന്നു. ഒരു പരസ്പര സഹായ സഹകരണം ഇല്ലാതെ അന്ന് ജീവിക്കാനും പറ്റില്ലായിരുന്നു. ഇന്ന് അങ്ങനെ ഒരു ആവശ്യവുമില്ല എന്ന് മാത്രമല്ല മറ്റൊരാളുടെ കാര്യത്തില്‍ തലയിടാതെ അവനവന്റെ കാര്യം നോക്കി നടക്കുക എന്നതായി എല്ലാവരുടെയും പോളിസി. അടുത്ത വീട്ടില്‍ ആരാണ് താമസിക്കുന്നത് എന്ന് ആര്‍ക്കുമറിയാത്ത അവസ്ഥ ആണ് ഇന്ന് ഗ്രാമങ്ങളില്‍ പോലും.
മിക്കവാറും ദിവസങ്ങളില്‍ വലിയച്ചന് വീട്ടില് വരും. കഥയൊക്കെ പറഞ്ഞിരിക്കാന്. നല്ല രസമാണ് അദ്ദേഹത്തിന്റെ സംസാര രീതി. കേട്ടിരുന്നുപോകും. എന്ത് വിഷയമാണ് എങ്കിലും മുഖഭാവങ്ങളും അംഗവിക്ഷേപങ്ങളും ചേര്‍ത്തുള്ള സരസമായ സംസാരം. അതില്‍ സൂര്യന് താഴെ ഭൂമിക്കു മുകളില്‍ ഉള്ള എല്ലാ കാര്യങ്ങളും വരും. അന്നൊക്കെ വലിയച്ചന്‍ പറയുന്നത് നമ്മുടെ ചെറിയ ബുദ്ധിയില്‍ മനസിലാകുന്ന കാര്യങ്ങളെ അല്ല. എങ്കിലും അവിടെ അടുത്തുപോയി ഇരിക്കുകയും അതൊക്കെ കേള്‍ക്കുകയും മനസിലാക്കാന്‍ ശ്രമിക്കുകയും (അല്ലെങ്കില്‍ ഓര്‍ത്തുവെച്ചു പിന്നീട് ആലോചിച്ചു കണ്ടു പിടിക്കുകയും) ചെയ്യുക എന്നതായിരുന്നു നമ്മുടെ രീതി.
അങ്ങനെ ദിവസങ്ങള്‍ പോകുന്നതിനു ഇടയ്ക്കു തിരുവോണം, വിഷു ഇവയൊക്കെ കടന്നുവരും. ഓണത്തിന് തലേദിവസം വലിയച്ചന്‍ വന്നാല്‍ കഥയൊക്കെ പറഞ്ഞു പോകാന്‍ നേരത്ത് ഒരു ഡയലോഗ് കൂടെ ഉണ്ട്. നമ്മള് നോക്കിയിരിക്കുന്ന അതുതന്നെ. " നാളെ അടുക്കളയില് കയറെണ്ട കേട്ടോ?" അമ്മയോടാണ് പറയുന്നത്. എന്നുവച്ചാല് നാളത്തേക്കുള്ള ആഹാരം അവിടെനിന്നു കൊണ്ടുവരും. പോരേ പൂരം.
അതിനും കുറേകൂടെ മുന്‍പ്..ഓണസദ്യ വലിയച്ഛന്റെ വീട്ടില് പോയി ഉന്നുന്ന ഒരു പതിവുണ്ടായിരുന്നു. എന്റെ ഇച്ചാച്ചന്റെ (വല്യപ്പന്‍ ) കൂടെ പുതിയ ഒരു കള്ളിമുണ്ട് ഉടുത്തു (ഓണക്കോടി !) സമയത്ത് തന്നെ അവിടെ എത്തും. പിന്നെ നിലത്ത് ചമ്രം പടിഞ്ഞിരുന്നു ഊണ്. വല്യച്ചന്‍ തന്നെ വിളമ്പി തരും. പിന്നീടേപ്പോഴോ അതു മാറി സദ്യ അപ്പാടെ വീട്ടിലേക്ക് കൊണ്ടുവരുന്ന പതിവു തുടങ്ങി.
ഈ നസ്രാണികളുടെ ഒരു രീതിവച്ചു എവിടെ എന്തെങ്കിലും പരിപാടി ഉണ്ടെങ്കില്‍ സദ്യക്ക് കടിച്ചു വലിക്കാനുള്ള ഐറ്റംസ് ആണല്ലോ കൂടുതല്‍. മത്സ്യമാംസാദികള്‍ ഇല്ലാത്ത സദ്യ വല്ലതും വല്ല കല്യാണത്തിനും കൊടുത്താല്‍ അതിന്‍റെ പേരില്‍ കുടുംബത്തിനു പേരുദോഷവും പിന്നെ ചിലപ്പോള്‍ അടിയും വെട്ടും കുത്തും വരെയും നടക്കുന്ന സ്ഥലം. അതിനിടക്ക് വര്‍ഷത്തില് ശുദ്ധ സസ്യാഹാരം മാത്രമുള്ള സദ്യയും പിന്നെ നല്ല പായസവും കുടിക്കുന്നത് ഇങ്ങനെ ആകെ രണ്ടു തവണ ആയിരുന്നു അന്ന്. ഓണം പിന്നെ വിഷു. രണ്ടും വലിയച്ഛന്റെ വീട്ടില് നിന്നും കൊണ്ടുവരുന്നത് തന്നെ. എല്ലാ വിഭവങ്ങളും അവ എങ്ങനെ ഒക്കെ ആണ് കഴിച്ചിരുന്നതെന്നും എനിക്ക് ഇപ്പോഴും ഓര്‍മായുണ്ട്.. ആദ്യം ഇലയില്‍ ഇത്തിരി വെള്ളം ഒഴിച്ചു ഒന്നു വൃത്തിയാക്കണം. അപ്പോഴേക്കും കറികള്‍ ഓരോന്നായി വരും. അച്ചാര്, ഇഞ്ചിക്കറി, ഉപ്പേരി, ശര്‍ക്കര വരട്ടി, പരിപ്പ്, നെയ്യ്, പപ്പടം, അവിയല്, തോരന്, പച്ചടി, കിച്ചടി, ഓലന്, തക്കാളിക്കാ വരുത്തരച്ച കറി (എനിക്ക് ഏറ്റവും ഇഷ്ടം). പിന്നെ ചുവന്ന ചോറ് (നാടന് കുത്തരി! അന്ന് വിചാരം വലിയച്ചന് എന്തോ കളറു ചേര്‍ക്കുന്നതാണു എന്നായിരുന്നു!)
വലിയച്ചന്‍ തന്നെ പറഞ്ഞുതരും എങ്ങനെ സദ്യ ഉണ്ണണം എന്ന്. ആദ്യം പരിപ്പ്. അതില് പപ്പടം പൊടിച്ചു നെയ്യും ചേര്‍ത്തു തുടങ്ങണം. പിന്നെ സാമ്പാര്.. കാളന് ..പിന്നെ പായസം പഴം, പപ്പടം ചേര്‍ത്തു...അവസാനം മോരു കുടിച്ചു അവസാനിപ്പിക്കാം.
വലിയച്ചന് തന്നെ പറഞ്ഞുതരും എങ്ങനെ സദ്യ ഉണ്ണണം എന്ന്. ആദ്യം പരിപ്പ്. അതില് പപ്പടം പൊടിച്ചു നെയ്യും ചേര്‍ത്തു തുടങ്ങണം. പിന്നെ സാമ്പാര്.. കാളന് ..പിന്നെ പായസം പഴം, പപ്പടം ചേര്‍ത്തു...അവസാനം മോരു കുടിച്ചു അവസാനിപ്പിക്കാം.
ഇന്നും എവിടെയെങ്കിലും വച്ചു ഓണസദ്യയുടെ മുന്‍പില് ഇരിക്കുമ്പോള് എനിക്ക് ഓര്‍മ്മ വരും. എനിക്ക് ആദ്യമായി സദ്യ ഉണ്ടാക്കി വിളമ്പി തന്ന വലിയച്ഛനെ. അവസാനം ആയി ഒന്ന് കാണാനും കൂടെ പറ്റിയില്ല എന്ന സങ്കടം ഇപ്പോഴും ഉണ്ട്. എല്ലാവര്‍ഷവും പതിവുള്ളതുപോലെ, മുംബൈയില്‍ മക്കളുടെ അടുത്തേക്ക് പോയ വല്യച്ചന്‍ പിന്നെ തിരികെ വന്നത് ചുവന്ന പട്ട് തുണി കെട്ടിയ മണ്ണ് കുടത്തില്‍ ഒരു പിടി ചാരം ആയിട്ടാണ്. പറ്റിച്ചു കളഞ്ഞു വല്യച്ചന്‍. യാത്ര പറഞ്ഞു പോയത് തിരികെ വരാനല്ലായിരുന്നു എന്ന് ഞാന്‍ എങ്ങനെ അറിയാന്‍.
മനസ്സില്‍ ഇപ്പോഴും ഉണ്ട്. പായസവും പന്തുകളിയുമായി വളരെ സന്തോഷത്തോടെ ചിലവിട്ട ഓണക്കാലത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പം..ഇനി ഒരിക്കലും ആര്‍ക്കും മായിക്കാനാകാതെ, അതേ തിളക്കത്തോടെ ആ മുഖവും.